pic

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായ തമിഴ് ചിത്രം മൂക്കുത്തി അമ്മൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. മേയ് മാസം റിലീസ് നിശ്ചയിച്ചിരുന്ന ഈ ചിത്രം കൊവിഡ് 19 വ്യാപനത്തെ തുടർന്നാണ് വൈകിയത്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി നാളിൽ സ്റ്റാർ വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയർ ടെലികാസ്റ്റുണ്ട്. ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂക്കുത്തി അമ്മൻ എന്ന ദേവി കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. ബാലാജിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജിയും ശരവണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മൻ കടന്നു വരുതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മൻ പറയുന്നത്. മൗലി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇശാരി ഗണേഷാണ് നിർമാണം. മൂക്കുത്തി അമ്മന്റെ ചിത്രീകരണത്തിനായി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു.