
പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിച്ച് നടി ലിസി. കളരി പഠിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മഹാത്തായൊരു കലയാണ് കളരി, ശരീരത്തിനും മനസിനും അത്ഭുതകരമായൊരു ഫിറ്റ്നസ് നൽകുന്ന ടെക്നിക് കൂടിയാണ് കളരിയെന്നും ലിസി ചിത്രം പങ്കുവച്ച് കുറിച്ചു.

"മഹത്തായൊരു കലയാണ് കളരി. ചിത്രങ്ങളിൽ നിങ്ങൾ കാണും പോലെ, പ്രായം ഒന്നിനുമൊരു തടസമല്ല. എന്നെ പോലെ നിങ്ങളും വളരെ കുറച്ചു മാത്രമാണ് പഠിച്ചതെങ്കിലും, ശരീരത്തിനും മനസിനും അത്ഭുതകരമായൊരു ഫിറ്റ്നസ് നൽകുന്ന ടെക്നിക് കൂടിയാണത്. ചുവടുകളുടെയും വടിവിന്റെയും കോമ്പിനേഷനിലുള്ള സ്റ്റെപ്പുകളാണ് കളരിയുടേത്. ചിത്രത്തിൽ എന്റെ കൂടെയുള്ളത് കളരി റാണിയും ലക്ഷ്മൺ ഗുരുജിയും. കുട്ടിയായിരുന്നപ്പോഴോ കൗമാരക്കാലത്തോ കളരി പഠിക്കാൻ കഴിയാതെ പോയതിൽ എനിക്ക് നഷ്ടബോധം തോന്നുന്നു.

നമ്മുടെ കുട്ടികൾ സ്കൂളുകളിൽ നിന്നു തന്നെ കളരിയുടെ അടിസ്ഥാനപാഠങ്ങൾ പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. ആരോഗ്യകരമായ ഗുണങ്ങളും അച്ചടക്കവും പ്രധാനം ചെയ്യുന്നതിനൊപ്പം നമ്മുടെ പെൺമക്കൾക്ക് സ്വയം പ്രതിരോധിക്കാൻ ഉപകരിക്കും" എന്നാണ് ലിസിയുടെ കുറിപ്പ്. 1982ൽ 'ഇത്തിരി നേരം ഒത്തിരി കാര്യം' ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലിസി 1994ൽ പുറത്തിറങ്ങിയ ചാണക്യസൂത്രയിലായിരുന്നു അവസനാമായി വേഷമിട്ടത്. 1990ൽ സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷമാണ് താരം സിനിമ വിട്ടത്. 2016ൽ ഇരുവരും വിവാഹമോചിതരായി. ഇവരുടെ മകൾ കല്യാണി സിനിമയിൽ സജീവമാണ്