
വികസ്വരരാജ്യങ്ങളിലെ മരണ കാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് കാൻസർ. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മാസം കാൻസർ മാസമായി ഡബ്ലു. എച്ച്. ഒ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം രോഗം കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുക, കാൻസർ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആധുനിക ജീവിതം, അമിതഭക്ഷണം, ആയാസമില്ലാത്ത ജീവിതം, മാനസിക സമ്മർദ്ദം എന്നിവയാണ് കാൻസറിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ.
മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
അമിതമായി ശരീരത്തിൽ അടിയുന്ന കൊഴുപ്പിൽ നിന്ന് എസ്ട്രഡിയോൾ എന്ന ഹോർമോൺ ഉണ്ടാകുന്നു. ഇത് മാറിലെ കാൻസറിന് കാരണമായേക്കാം. എന്നാൽ, കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുകയും മനസിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു.
അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡിലെ രാസവസ്‌തുക്കൾ, ആഹാരത്തിൽ നിറവും രുചിയും നൽകുന്ന രാസവസ്‌തുക്കൾ, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില, പാൻമാസാല തുടങ്ങിയവയുടെ ഉപയോഗം എന്നിങ്ങനെ കാൻസർ വർദ്ധിക്കാനുള്ള കാരണങ്ങൾ നിരവധിയാണ്.
സൂചനകളെ അവഗണിക്കരുത്
ആരംഭത്തിൽ തന്നെ കണ്ടുപിടിച്ചാൽ അമ്പതുശതമാനം കാൻസർ രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാൽ സ്തനാർബുദം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എല്ലാതരം കാൻസർ രോഗങ്ങളും ആരംഭ ദിശയിൽ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ചില ലക്ഷണങ്ങൾ അവഗണിക്കാവുന്നതല്ല. ഒരു ലക്ഷണവുമില്ലാതെ കാൻസർ വരാനും ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുമുള്ള സാദ്ധ്യതയുണ്ട്. അതിനാൽ ചില രോഗ ലക്ഷണങ്ങൾ കാൻസർ മുഖേനയുള്ളതല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
സ്‌തനങ്ങളിൽ കാണുന്ന വേദനരഹിതമായ തടിപ്പുകളും മുഴകളും, ഉൾവലിഞ്ഞ മുലഞെട്ടുകൾ, മാറിടങ്ങൾ തമ്മിൽ അടുത്തകാലത്തുണ്ടായ വലിപ്പത്തിലും രൂപത്തിലും വന്ന മാറ്റം, കക്ഷ ഭാഗത്തെ മുഴകൾ എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം.
ആർത്തവ വിരാമത്തിന് ശേഷമുള്ള ഗർഭാശയ ബ്ലീഡിംഗ്, അമിതമായ രക്തസ്രാവം, രക്തം കലർന്ന യോനീ സ്രവം എന്നിവ പരിശോധനാ വിധേയമാക്കി കാൻസറിന്റെ ലക്ഷണമല്ലെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.
അമിതമായ ക്ഷീണം, വശപ്പില്ലായ്മ, മൂക്കിൽ നിന്നോ വായിൽ നിന്നോയുള്ള രക്തസ്രാവം, രക്തക്കുറവ്, വിളർച്ച, അടിക്കടിയുണ്ടാകുന്ന അണുബാധ എന്നിവ ബ്ലഡ് കാൻസറിന്റെ ലക്ഷണങ്ങളാകാം.
പെട്ടെന്നുണ്ടാകുന്ന അപസ്മാരം, തലവേദന, കാഴ്ചയിലും കണ്ണിനും ഉണ്ടാകുന്ന വ്യത്യാസം എന്നിവ തലച്ചോറിലെ കാൻസറിന്റെ ലക്ഷണങ്ങളാകാം. ശബ്ദത്തിലെ വ്യത്യാസം, വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ തൊണ്ടയിലെ കാൻസറിന്റെ ലക്ഷണങ്ങളാകാം.
വായ്ക്കുള്ളിലെ തൊലിയിൽ കാണുന്ന വെളുത്തപാട പോലുള്ള ആവരണം, വേദന രഹിതമായ തടിപ്പുകൾ എന്നിവ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണം. തുടർച്ചയായ ചുമ, ശ്വാസം മുട്ടൽ, രക്തം കലർന്ന കഫം എന്നിവ ശ്വാസകോശ കാൻസറിന്റെ സൂചനയാകാം.
ഇത്തരം ലക്ഷണങ്ങൾ സാധാരണ അസുഖങ്ങളുടെ ലക്ഷണങ്ങളായും കാണാറുണ്ട്.
രോഗികളെ ഒറ്റയ്ക്കാക്കരുത്
ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏൽപ്പിക്കുന്ന ഒരു രോഗമാണ് കാൻസർ. രോഗം മൂർച്ഛിക്കുമോയെന്ന ഭയം, ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.
രോഗികളായവർക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴിൽ ചെയ്യാനാകുമോയെന്ന ഭയവും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ മാതാപിതാക്കളുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബത്തിലുണ്ടാകുന്ന മാസനിക പിരിമുറുക്കം മറ്റൊരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ഇന്ന് രോഗിക്കും, കുടുംബത്തിനും തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. സാമൂഹവും ഭരണാധികാരികളും ഇത്തരം പ്രശ്ന പരിഹാരത്തിന് പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്.
സങ്കടവും ആശങ്കയും ഉറക്കക്കുറവും സാധാരണയായി കാൻസർ രോഗികളിൽ കണ്ടുവരാറുണ്ട്. എങ്കിലും രണ്ട് ആഴ്ചയിൽ കൂടുതൽ അത് നിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. നീണ്ടുനിൽക്കുന്ന മനോവിഷമം, ഉന്മേഷക്കുറവ്, താത്പര്യമില്ലായ്‌മ, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യാ ചിന്തകൾ എന്നിവ കാണുകയാണെങ്കിൽ ഒരു മാനസിക രോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്.
ഡോ.എസ്.പ്രമീളാദേവി
കൺസൾട്ടന്റ്, ജനറൽ സർജറി
എസ്.യു.ടി ആശുപത്രി, പട്ടം