നാഗർകോവിൽ: പദ്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര പാരമ്പര്യ ആചാര പ്രകാരം നടത്തണമെന്നാവശ്യപ്പെട്ട് കന്യാകുമാരി ജില്ലയിലെ ഹിന്ദു മുന്നണി സമരത്തിനൊരുങ്ങുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിഗ്രഹങ്ങൾ ഘോഷയാത്ര ഒഴിവാക്കി വാഹനങ്ങൾ തിരുവനന്തപുരത്ത് എത്തിക്കാമെന്ന അധികൃതരുടെ തീരുമാനത്തിനെതിരെയാണ് സമരം. നാളെ വൈകിട്ട് 5ന് തക്കലയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രകടനം നടത്തും. സംസ്ഥാന സർക്കാരുകൾ ഉചിതമായ തീരുമാനമെടുക്കാത്തപക്ഷം സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സംഘടന നേതാക്കൾ അറിയിച്ചു. ലോറിയിലും മറ്റു വാഹനങ്ങളിലും കയറ്റി നവരാത്രി വിഗ്രഹങ്ങൾ കൊണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ബി.ജെ.പി കന്യാകുമാരി ജില്ലാ പ്രസിഡന്റ് ധർമ്മരാജ് പറഞ്ഞു. ആൾക്കൂട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും സ്വീകരണം കുറയ്ക്കുന്നതും ഉൾപ്പെടെ സർക്കാരിന്റെ തീരുമാനങ്ങൾക്ക് പൂർണ സഹകരണം നൽകും. എന്നാൽ പാരമ്പര്യ ആചാരങ്ങൾ മാറ്റാൻ ശ്രമിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ഹിന്ദു മുന്നണി സംഘടിപ്പിക്കുന്ന പ്രകടനത്തിൽ വിവിധ സംഘടനകൾ പങ്കെടുക്കും. പദ്മനാഭപുരം കൊട്ടാരത്തിൽ നടക്കുന്ന ഉടവാൾ കൈമാറ്റത്തെക്കുറിച്ചും വിഗ്രഹ എഴുന്നള്ളത്തിനെക്കുറച്ചും കന്യാകുമാരി ദേവസ്വവും ജില്ലാഭരണകൂടവും ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.