radhakrishanan

കല്ലമ്പലം: കിടപ്പുരോഗിയായ ഗൃഹനാഥൻ ജപ്തി ഭീഷണിയിൽ. നാവായിക്കുളം വെട്ടിയറ പൈവേലിക്കോണം കൃഷ്ണ നിവാസിൽ ആർ. രാധാകൃഷ്ണനും കുടുംബവുമാണ് ജപ്തി ഭീഷണിയിൽ കഴിയുന്നത്. 2012ൽ ഗൾഫിൽ വച്ച് ഇദ്ദേഹത്തിന്റെ അർബുദം പിടിപ്പെട്ടു. അവിടെ രണ്ട് മാസം ചികിത്സ തേടി. തുടർന്ന് നാട്ടിൽ എത്തി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായി. അസുഖം ഭേദമായെങ്കിലും ശരീരഭാഗങ്ങൾ തളർന്ന് കിടപ്പിലായി. ഡോക്ടർമാരുടെ പരിശോധനയിൽ സുഷ്മന നാഡിയുടെ പിറകിലുള്ള മൂന്ന് ഞരമ്പുകൾ കേടായതായി കണ്ടെത്തി.

എട്ടുവർഷമായി രാധാകൃഷ്ണൻ ഒരേ കിടപ്പാണ്. ചികിത്സ ചെലവിനും നിത്യേനയുള്ള ആഹാരത്തിനും നാട്ടുകാരുടെ സഹായമല്ലാതെ മറ്റു മാർഗങ്ങളില്ല. രണ്ട് പെൺമക്കളെ വിവാഹം കഴിച്ചുവിട്ടെങ്കിലും ഇദ്ദേഹത്തെ സംരക്ഷിക്കാനുള്ള സാമ്പത്തികം അവർക്കില്ല. കടം വാങ്ങിയും മറ്റും ഇത്രയും നാൾ ചികിത്സ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടയിലാണ് ജപ്തി ഭീഷണി. ചികിത്സ ചെലവിന് വേണ്ടിയാണ് ബാങ്കിൽ നിന്ന് മൂന്നരലക്ഷം 2011ൽ വായ്പയെടുത്തത്. തിരിച്ചടവ് ഇല്ലാതെ വന്നതോടെ പലിശ ഉൾപ്പെടെ തുക ഏഴ് ലക്ഷമായി. ഇനിയെന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഈ കുടുംബം. ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോകണമെങ്കിൽ മറ്റുള്ളവരുടെ സഹായം കൂടി വേണം. പ്രതീക്ഷ കൈവിടാതെ സുമനസുകളുടെ സഹായം തേടുകയാണിവർ.

ഭാര്യ ഓമനയുടെ പേരിൽ നാവായിക്കുളം ഐ.ഒ.ബി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 076501000010362. ഐ.എഫ്.സി കോഡ്: IOBA0000765. ഫോൺ: 9946526213.