election

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇൗ വർഷം തന്നെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വി. ഭാസ്കരൻ അറിയിച്ചു. നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11ന് പൂർത്തിയാകും. അതിന് മുമ്പ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. വരണാധികാരികൾക്കും പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ഇന്നാരംഭിക്കും.

തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചാൽ വോട്ടർപട്ടിക പുതുക്കാൻ ഒരവസരം കൂടി നൽകും. അതിനുള്ള തയ്യാറെടുപ്പ് പൂർത്തിയായി. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയും ഇൗയാഴ്ച തുടങ്ങും. കരുതൽ വോട്ടിംഗ് മെഷീനുകൾ കൊണ്ടുവരുന്നതിനുള്ള നടപടിയും പൂർത്തിയായി. സംവരണ വാർഡുകളുടെ നിർണയത്തിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച പൂർത്തിയായി. തിരുവനന്തപുരം, കൊല്ലം നഗരസഭകളുടെ നറുക്കെടുപ്പാണ് നടക്കാനുള്ളത്. അത് 13നകം നടത്തിയേക്കും.

തദ്ദേശ ഭരണസമിതികളുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തേണ്ടിവരും. ഇതിന് സർക്കാർ തീരുമാനമെടുത്ത് വിജ്ഞാപനമിറക്കണം. തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ച് ആദിവസം വരെയായിരിക്കും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തിയശേഷം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാമെന്ന നിലപാടിലാണ് സർക്കാർ.

അതേസമയം സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന വികസന പരിപാടികളുടെ ഉദ്ഘാടനങ്ങളെ പെരുമാറ്റച്ചട്ടം ബാധിക്കാത്ത തരത്തിലായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കുക എന്നാണറിയുന്നത്. ആഗസ്റ്റ് 29നാണ് മുഖ്യമന്ത്രി നൂറ് ദിനവികസന പരിപാടി പ്രഖ്യാപിച്ചത്. ഇൗ മാസം അവസാനത്തോടെ ഇതിൽ ഏറിയ പങ്കും പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കമാണ് നടത്തുന്നത്.