
തിരുവനന്തപുരം: ഒരു ശൈലിക്കും ബി.ഡി.ദത്തന്റെ ചിത്രകലയെ തളച്ചിടാൻ കഴിഞ്ഞിട്ടില്ല. ഒരു കാലത്തും ബ്രഷ് കൈയിലെടുക്കാതിരുന്നിട്ടുമില്ല. ഈ കൊവിഡ് കാലത്ത് വരച്ചുതീർത്തത് 499 ചിത്രങ്ങൾ. അതിൽ ഏറ്റവും ഒടുവിലത്തേതിന് നിറം കൊടുത്തു തീർന്നപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചതായി അറിയുന്നത്. 73 കാരനായ ബി.ഡി.ദത്തൻ ലോക്ക് ഡൗൺ തുടങ്ങിയശേഷം വെള്ളയമ്പലം കനക നഗറിലെ 'ദാക്ഷായണി' വിട്ട് പുറത്തുപോയിട്ടില്ല. കൂട്ടിന് ബ്രഷും നിറക്കൂട്ടുകളും. ദത്തന്റെ ചിന്തകളുടെ ചൂടൂം തണുപ്പും ഉത്കണ്ഠയും ആകുലതകളുമെല്ലാം കാൻവാസിൽ നിറഞ്ഞു. കൊവിഡ് കാല ബന്ധനം കഴിഞ്ഞാൽ ഇത്രയും ചിത്രങ്ങളുടെ പ്രദർശനം നടക്കുമെന്ന് അദ്ദേഹം 'കേരളകൗമുദി'യോടു പറഞ്ഞു.
ആത്മകഥാംശം നിറഞ്ഞ ഒരു പുസ്തകം കൂടി എഴുതി ഈ കാലയളവിൽ. പുസ്തകത്തിൽ മൂന്നു ഭാഗങ്ങളാണുള്ളത്. സ്കൂൾ ഒഫ് ആർട്സിൽ പഠിക്കുമ്പോൾ ബി.ഡി. ദത്തന് നേരിടേണ്ടിവന്ന അനുഭവങ്ങൾ, അസ്വസ്ഥപ്പെടുത്തിയ കാര്യങ്ങൾ, ഒരു സർവീസ് സ്റ്റോറി പോലെയുള്ള അനുഭവങ്ങൾ എന്നിവ ഒന്നാം ഭാഗത്തിൽ. ദത്തനെ ഏറെ പ്രശസ്തനാക്കിയ ചിത്രപരമ്പരയായ കലിയെ പറ്റി അയ്യപ്പപണിക്കർ, എം.കെ. സാനു, ഡോ. ശ്രീദേവി എന്നിവർ എഴുതിയ ലേഖനങ്ങളാണ് രണ്ടാം ഭാഗം.  മൂന്നാം ഭാഗത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി, കാവാലം നാരായണപ്പണിക്കർ, അബു എബ്രഹാം, ഒ.എൻ.വി, എം.കെ.സാനു, അടൂർ ഗോപാലകൃഷ്ണൻ, കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ. രാമചന്ദ്രൻ തുടങ്ങിയവരുമായുള്ള അഗാധമായ ബന്ധം വെളിവാക്കുന്ന ലേഖനങ്ങളാണ്. ചിത്രങ്ങളും പെയിന്റിംഗുകളും 300 പേജുള്ള പുസ്തകത്തിലുണ്ടാകും.
''എനിക്ക് എന്റേതായ ഒരു വഴിയുണ്ട്. ഒരു രീതിയുണ്ട്. എന്റെ ഒരു പരമ്പരയിലും മറ്റേതിന്റെയെങ്കിലും ഒരു അനുകരണ സ്പർശം പോലും ഏറ്റിട്ടില്ല. ശൈലികൾ മാറാൻ എനിക്കു പേടിയില്ല അതിനുള്ള ചങ്കൂറ്റം എനിക്കുണ്ട്''
- ബി.ഡി.ദത്തൻ