തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ റോഡിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു.ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂവനന്തപുരം കോർപ്പറേഷന്റേയും, ദേശീയ ആരോഗ്യ മിഷന്റേയും സഹായത്തോടെയാണ് ഈ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. വിവിധ ഫണ്ടുകളിലായി ഒന്നരക്കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒ.പി പ്രവർത്തിക്കും. എല്ലാ ദിവസവും 9 മുതൽ 1 വരെ നേത്ര പരിശോധനയും വ്യാഴം,ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ ദന്തൽ വിഭാഗവും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മുതൽ 5 വരെ മാനസിക ആരോഗ്യ വിഭാഗവും പ്രവർത്തിക്കും. എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 മുതൽ 12 വരെ ത്വക്ക്‌രോഗ ചികിത്സയും ഇ.എൻ.ടി ചികിത്സയും ഉണ്ടായിരിക്കും. ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കും. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ ശിശു രോഗ വിഭാഗവും ചെവ്വാഴ്ച റെസ്‌പിറേറ്ററി മെഡിസിൻ, വ്യാഴാഴ്ച ഫിസിക്കൽ മെഡിസിൻ വിഭാഗങ്ങളും പ്രവർത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, പാങ്ങപ്പാറ എ.എം.ഒ. ഡോ. ടി.എസ്. അനീഷ് കൗൺസിലർമാരായ എൻ.എസ്. ലതകുമാരി, കെ.എസ്. ഷീല, അലത്തറ അനിൽ കുമാർ, നാരായണമംഗലം രാജേന്ദ്രൻ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു തുടങ്ങിയവർ സംബന്ധിച്ചു.