
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതികളുടെ ഉന്നതബന്ധം കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പകർത്താൻ 400 ടെറാബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്‌ക് വാങ്ങാൻ സർക്കാർ 68 ലക്ഷം രൂപ അനുവദിച്ചു. ഉടൻ ആഗോള ടെൻഡർ വിളിക്കും. 2019 ജൂലായ് ഒന്നു മുതൽ 2020 ജൂലായ് 12വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്.
സെക്രട്ടേറിയറ്റിലും രണ്ട് അനക്സുകളിലും ഗേറ്റുകളിലുമായുള്ള 83കാമറകളിലെ ദൃശ്യങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും നൽകണമെന്ന് എൻ.ഐ.എ ഡിവൈ.എസ്.പി വിജയകുമാർ പൊതുഭരണവകുപ്പിന് നോട്ടീസ് നൽകിയിരുന്നു. ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്താൻ 400 ടിബി ഹാർഡ് ഡിസ്‌ക് വേണമെന്നും ഇത് വിദേശത്തുനിന്ന് വരുത്തണമെന്നും പൊതുഭരണവകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ ഒരു വർഷം വരെ ശേഖരിച്ചു വയ്ക്കുന്നുണ്ടെന്നും അത് നൽകാമെന്നും സർക്കാർ എൻ.ഐ.എയെ അറിയിച്ചിരുന്നു.
എൻ.ഐ.എ തേടുന്നത്
 സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പതിവായി വരുമായിരുന്നു എന്ന മൊഴികളുടെ തെളിവുകൾ.
 കസ്റ്റംസ് തടഞ്ഞുവച്ച ബാഗ് വിട്ടുകിട്ടാൻ സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റിലെ ഉന്നതരെ ഉപയോഗിച്ചതിന്റെ തെളിവുകൾ
മുഖ്യമന്ത്രിയുടെയും എം.ശിവശങ്കറിന്റെയും ഓഫീസുകളിൽ സ്വപ്നയും സരിത്തും എത്തിയിരുന്നെന്ന മൊഴിയുണ്ട്. അതിന്റെ ദൃശ്യങ്ങൾ
 കന്റോൺമെന്റ് ഗേറ്റിലെ കാമറകളിൽ ശിവശങ്കറും സ്വപ്നയും വാടകയ്ക്കെടുത്ത ഫ്ലാറ്റ്, ഗൂഢാലോചന നടത്തിയ ഹോട്ടൽ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ ലഭിക്കും. സ്വർണമെത്തിയ ദിവസങ്ങളിൽ പ്രതികൾ ശിവശങ്കറിന്റെ വാഹനം ദുരുപയോഗിച്ചോയെന്ന് ഗേറ്റിലെ ദൃശ്യങ്ങളിൽ അറിയാനാവും.