
തിരുവനന്തപുരം: കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡ് സംസ്ഥാനത്ത് നിലവിൽ വന്നതായി മന്ത്രി വി.എസ്.സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെൻഷൻ അടക്കം നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
കർഷക പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് തുടർന്ന് ക്ഷേമ നിധിയിൽ നിന്ന് പെൻഷൻ ലഭിക്കും. ക്ഷേമ നിധിയിലേക്കുളള തുക സ്വരൂപിക്കുന്നതിനായി കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വ്യാപാരം നടത്തുന്നവർ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാർഷിക ഇൻസെന്റീവായി നിധിയിലേക്ക് അടയ്ക്കണം. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോർഡ് നിലവിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അംഗത്വം
18 നും 55 നും മദ്ധ്യേ പ്രായമുള്ള 3 വർഷത്തിൽ കുറയാതെ കൃഷി ചെയ്യുന്ന മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക് അംഗമാകാം. 100രൂപ രജിസ്‌ട്രേഷൻ ഫീസായി ബാങ്കിൽ അടയ്ക്കുകയോ 100 രൂപ വില മതിക്കുന്ന കേരള കർഷക ക്ഷേമനിധി സ്റ്റാമ്പ് അപേക്ഷയിൽ പതിച്ചോ അപേക്ഷ നൽകാം. ഓൺലൈനായും അപേക്ഷിക്കാം. 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമിയുള്ളവരും 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളവരാണ് അപേക്ഷിക്കേണ്ടത്.
അംശദായം അടയ്ക്കൽ
മാസംതോറും അംശദായം അടയ്ക്കണം. 6 മാസത്തേയോ ഒരു വർഷത്തേയോ തുക ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. 100 രൂപയാണ് അംശദായമായി അടയ്‌ക്കേണ്ടത്. 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സർക്കാർ നിധിയിലേക്ക് അടയ്ക്കും.
ക്ഷേമനിധി ആനുകൂല്യങ്ങൾ
അംഗങ്ങൾക്കുളള ക്ഷേമനിധി പെൻഷൻ
കുടുംബപെൻഷൻ
5 വർഷം അംശദായം അടച്ചശേഷം അംഗം മരണമടഞ്ഞാൽ കുടുംബപെൻഷൻ ലഭിക്കും.
അനാരോഗ്യ ആനുകൂല്യം, ചികിത്സാ സഹായം,പ്രസവാനുകൂല്യം,വിവാഹ ധനസഹായം,വിദ്യാഭ്യാസ ധനസഹായം,മരണാനന്തരാനുകൂല്യം എന്നിവയാണ് ആനുകൂല്യങ്ങൾ.
ഡോ. പി.രാജേന്ദ്രനാണ് ചെയർമാൻ. കാർഷികോത്പാദന കമ്മിഷണർ, കൃഷിവകുപ്പ് സെക്രട്ടറി,കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ എന്നിവർ ഔദ്യോഗിക ഡയറക്ടർമാർ. മെമ്പർ സെക്രട്ടറിയുടെ ചുമതല മണ്ണ് പര്യവേക്ഷണ ഡയറക്ടർ സുബ്രഹ്മണ്യൻ.