കല്ലറ: റോഡരികിൽ കാലിന്റെ അസ്ഥിക്കഷ്ണം കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീട്ടിൽ നിന്ന് കണ്ടെത്തി. പാങ്ങോട് ചിറക്കോണം പരയ്ക്കാട് തടത്തരികത്ത് വീട്ടിൽ ഷിബുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. മനുഷ്യന്റെ കാലിന്റെ അസ്ഥി തെരുവു നായ്ക്കൾ കടിച്ചു വലിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു കാലില്ലാതെ മൃതദേഹം കണ്ടെത്തിയത്. പരയ്ക്കാടിന് സമീപം റോഡരികിൽ നിന്നാണ് കാലിന്റെ അസ്ഥികണ്ടെത്തിയത്. നാട്ടുകാരാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹത്തിൽ നിന്നു തെരുവ് നായ്ക്കൾ കാൽ വലിച്ചു കൊണ്ടുവന്ന് മാംസം ഭക്ഷിച്ച ശേഷമുള്ള അസ്ഥിയാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ഷിബു ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയത്. സമീപവാസികളോടൊന്നും സഹകരിക്കാത്ത പ്രകൃതമായിരുന്നു ഇയാളുടേതെന്ന് നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറിനാണ് ഷിബുവിനെ നാട്ടുകാർ അവസാനമായി കണ്ടത്. പിന്നീട് ആരും ഇയാളെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം പാങ്ങോട് വച്ച് ഷിബുവും മറ്റൊരാളുമായി മദ്യപിച്ച് വാക്കുതർക്കമുണ്ടാതായും സമീപവാസികൾ പറഞ്ഞു.
വിവരമറിഞ്ഞ് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, പങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയകുമാർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.