നെടുമ്പാശേരി: കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വാപ്പാലശേരിയിൽ യുവാവ് കൊലചെയ്യപ്പെട്ട കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടിൽ മനു മണി (24), ഇടപ്പള്ളി കുന്നുംപുറത്ത് അജയ് കെ. സുനിൽ (19), തേവക്കൽ ഓലിപ്പറമ്പിൽ വിപിൻ ആഷ്‌ലി (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അങ്കമാലി തുറവൂർ തെക്കിനേത്ത് ജിസ്‌മോൻ (36) കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കുത്തേറ്റ് മരിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കുള്ളയാളാണ് മനു മണിയെന്നും മറ്റു രണ്ടു പേർ ഇയാളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം പ്രതികളിലൊരാളായ മനുമണി മാളയിലെ ബന്ധുവീട്ടിൽ തങ്ങുകയും അടുത്തദിവസം അജയിന്റെയും ഡ്രൈവറായ വിപിന്റെയും സഹായത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള ഉൾഗ്രാമത്തിലേക്ക് രക്ഷപെടുകയുമായിരുന്നു. പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവർക്കെതിരെ വേറെയും കേസുകളുണ്ട്.
കൃത്യത്തിൽ പങ്കെടുത്ത രണ്ടുപേർകൂടി ഉടൻ പിടിയിലാകാനുണ്ട്.
ആലുവ ഡിവൈ.എസ്.പി ജി. വേണു, നെടുമ്പാശേരി എസ്.എച്ച്.ഒ. പി.എം ബൈജു, സോണി മത്തായി, എസ്.ഐമാരായ രെഗീഷ് കുമാർ, ബൈജു ആർ, സൂഫി, രാധാകൃഷ്ണൻ, എ.എസ്.ഐമാരായ ബാലചന്ദ്രൻ, ഷാഹിർ സി.എ , സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, സുരേഷ്ബാബു, ജിസ്‌മോൻ, രാഹുൽ.കെ.ആർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.