
തിരുവനന്തപുരം: സർക്കാരിന്റെ പാതയോര വിശ്രമകേന്ദ്ര പദ്ധതിയിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതി പൊതുമേഖലാസ്ഥാപനമായ ഐ.ഒ.സിയുടെ നിർദ്ദേശം അവഗണിച്ച് സ്വകാര്യസ്ഥാപനത്തിന് വഴിവിട്ട് നൽകാനാണ് നീക്കം. സർക്കാർ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് വിലവരുന്ന സ്ഥലം പദ്ധതിയുടെ പേരിൽ സ്വകാര്യസ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകുകയാണ്. നേരത്തെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കാനിരുന്ന പദ്ധതി പിന്നീട് നോർക്കയിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറുന്ന നിർണായക ഇടപാടിൽ റവന്യൂവകുപ്പിന്റെ അനുമതിയുമില്ല.
പതിനാലോളം കമ്പനികളുടെ ഡയറക്ടറായ ഒ.വി. മുസ്തഫ, ബിജു ജോർജ്ജ് എന്നിവരാണ് ഓവർസീസ് കേരളൈറ്റസ് ഇൻവസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമറ്റഡിന്റെ ഡയറക്ടർമാർ. ഇവരുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പദ്ധതിയുടെ പേരിൽ ആലപ്പുഴയിൽ ചേർത്തല താലൂക്കിൽ മാരാരിക്കുളം വടക്ക് ജില്ലയിലെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളയുടെ രണ്ടു മുതൽ നാല് ഏക്കർ വരെ ഭൂമി നൽകാനാണ് നീക്കം. ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്നും ധാരണപത്രത്തിലെ വിവരങ്ങൾ പരസ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.