treasury-fraud-

തിരുവനന്തപുരം: ട്രഷറികളിൽ ശമ്പള ബില്ലുകൾ പാസാക്കിയിട്ടും അക്കൗണ്ടുകളിൽ പണം എത്താത്തതിനാൽ നിരവധി സ്ഥലങ്ങളിൽ ‌ജീവനക്കാർക്ക് ശമ്പളം വൈകുന്നു. ചൊവ്വാഴ്ച ബില്ലു പാസാക്കിയിട്ടും ബുധനാഴ്ചയായിട്ടും അക്കൗണ്ടുകളിലെത്തിയില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു. കാര്യം തിരക്കി ട്രഷറികളിൽ എത്തിയപ്പോൾ ,​ബില്ല് പാസാക്കിയിട്ടുണ്ടെന്നും അക്കൗണ്ടിൽ എത്തിക്കൊള്ളുമെന്നാണ് ജീവനക്കാരുടെ മറുപടി. സാധാരണ ബില്ല് പാസാക്കി രണ്ടുമണിക്കൂറിനകം അക്കൗണ്ടുകളിലെത്തുമായിരുന്നു. ഇപ്പോൾ 36 മണിക്കൂറായിട്ടും എത്തുന്നില്ലെന്നാണ് പരാതി.

തുടർച്ചയായി നാലാമത്തെ മാസമാണ് ശമ്പള വിതരണം പാളുന്നത്. റിസർവ് ബാങ്കിന്റെ ഇ-കുബേർ സോഫ്റ്റ്‌വെയർ വഴി വരുന്നതിനാലാവാം ശമ്പളം വൈകുന്നതെന്നാണ് ട്രഷറി വകുപ്പിന്റെ ഐ. ടി കോ-ഓർഡിനേറ്രർ രഘുനാഥൻ ഉണ്ണിത്താൻ പറയുന്നത്. ട്രഷറിയിൽ ബില്ലുകൾ മാറാത്തതുകൊണ്ടും വൈകാമെന്ന് അദ്ദേഹം പറഞ്ഞു. ട്രഷറി ജീവനക്കാർ ഇത് നിഷേധിക്കുന്നു. തങ്ങളുടെ പക്കൽ വന്ന എല്ലാ ശമ്പള ബില്ലുകളും പാസാക്കിയെന്ന് അവർ പറയുന്നു. മറ്ര് കണ്ടിൻജൻസി ബില്ലുകളും പാസാക്കിയ ചെക്കിലെ തുകകളും ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകളിലെത്താൻ താമസിക്കുന്നുണ്ട്. നേരത്തെ ട്രഷറിയുടെ സെർവറിന്റെ അപര്യാപ്തത മൂലമായിരുന്നു ഇടപാടുകൾ വൈകിയിരുന്നത്. പുതിയ സെർവർ കൊണ്ടുവന്നെങ്കിലും സ്റ്രേറ്ര് ഡാറ്രാ സെന്ററിൽ ഇൻസ്റ്റാൾ ചെയ്യാത്തതായിരുന്നു കാരണം. ഇപ്പോൾ ബില്ലുപാസ്സാക്കിയിട്ടും അക്കൗണ്ടിലെത്താത്തത് പുതിയ പ്രശ്നങ്ങളുണ്ടാക്കി.