കൊച്ചി: കൊവിഡിനെ തുടർന്ന് അനുവദിച്ചിരുന്ന വിശ്രമാവധി പിൻവലിച്ചതിനെതിരെ ആരോഗ്യ പ്രവർത്തകർ ഇന്നു മുതൽ പ്രതിഷേധിക്കും. കൊവിഡ് ചികിത്സിക്കുന്ന ആശുപത്രികളിലെ ജീവനക്കാർക്ക് 10 ദിവസം തുടർച്ചയായ ഡ്യൂട്ടിയും തുടർന്ന് ഏഴ് ദിവസത്തെ വിശ്രമവുമാണ് അനുവദിച്ചിരന്നത്. ആറ് ദിവസത്തെ ഡ്യൂട്ടിക്ക്ശേഷം ഒരു ഒഫ് എന്ന പതിവ് ഡ്യൂട്ടിയിലേക്കാണ് മാറ്റം.
സർക്കാർ നടപടി ആശങ്കപ്പെടുത്തുന്നതാണെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. 10 ദിവസം ഒരുമിച്ച് സേവനം ചെയ്യുമ്പോൾ 20 ഡ്യൂട്ടിയാണ് ഒന്നിച്ച് ചെയ്തുതീർക്കുന്നത്. 20 ഡ്യൂട്ടി കഴിയുമ്പോഴാണ് ഏഴ് ദിവസത്തെ വിശ്രമം ലഭിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കാനാണ് സർക്കാരിന്റെ നടപടി.
പ്രതിഷേധം ഇന്ന്
നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് നികത്താൻ സർക്കാർ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു. 80 ശതമാനം ആരോഗ്യ പ്രവർത്തകരും കൊവിഡ് ബാധിതരായി കഴിഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഇന്ന് മെഡിക്കൽ കോളേജുകൾക്കും സർക്കാർ ആശുപത്രികൾക്കും മുന്നിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിക്കും.
ആവശ്യങ്ങൾ
●കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുക
●ഗുണമേന്മയുള്ള മാസ്ക്, പി.പി.ഇ കിറ്റ്, ഗ്ലൗസ്, സാനിറ്ററി സാമഗ്രികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുക,
●കൊവിഡ് വാർഡുകളിൽ ഡ്യൂട്ടിയിലുള്ളവരുടെ താമസസൗകര്യം, ഭക്ഷണം തുടങ്ങിയവയിൽ ഗുണനിലവാരം ഉറപ്പു വരുത്തുക
●ഒഴിവുകൾ നികത്തുക, രോഗികൾക്ക് ആനുപാതികമായി തസ്തികകൾ സൃഷ്ടിക്കുക
●ആശുപത്രി ജീവനക്കാർക്ക് പ്രത്യേക ഇൻസെന്റീവ് അനുവദിക്കുക
നിലവിലെ സ്ഥിതി തുടരണം
കൊവിഡ് നേരിടുന്ന ആരോഗ്യപ്രവർത്തകർക്ക് 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഏഴ് ദിവസത്തെ ക്വാറന്റൈയിൻ എന്ന നിലവിലെ സ്ഥിതി തുടരണം. യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണം. കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കണം.
കെ. ഷാനവാസ് ഖാൻ,ചെയർമാൻ ജോയിന്റ് കൗൺസിൽ, സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ