
തിരുവനന്തപുരം: ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ സിബിഐ ഹൈക്കോടതിയെ സമീപിക്കും. കോടതിയുടെ നിർദ്ദേശമില്ലാതെ രേഖകൾ കൈമാറേണ്ടെന്ന് വിജിലൻസ് നിലപാടെടുത്ത സാഹചര്യത്തിലാണിത്. സെക്രട്ടേറിയറ്റിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകൾ അന്വേഷണ സംഘത്തിന് തിരികെ നൽകി..
സിബിഐ എത്തുന്നതിന് മുമ്പ് ലൈഫ് മിഷൻ ആസ്ഥാനത്തെത്തി വിജിലൻസ് സംഘം കരാറുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശപ്പെടുത്തുകയും, പ്രാഥമികാന്വേഷണത്തിനു ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ലൈഫ് മിഷൻ സിഇഒ യു.വി ജോസിന് രേഖകളെല്ലാം ഹാജരാക്കാൻ സിബിഐ നോട്ടീസ് നൽകിയെങ്കിലും, ഫയലുകൾ വിജിലൻസ് കൊണ്ടുപോയതിനാൽ പകർപ്പുകളാണ് ജോസ് ഹാജരാക്കിയത്. യഥാർത്ഥ ഫയലുകൾ വിജിലൻസിൽ നിന്ന് തിരികെ വാങ്ങിനൽകാൻ ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്ക് സിബിഐ നിർദ്ദേശം നൽകിയെങ്കിലും, അവർ നിസഹായത അറിയിച്ചു.
അതിനിടെ, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ചോദ്യം ചെയ്യുന്നതിന് വിജിലൻസ് സംഘം അടുത്തയാഴ്ച എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും. സന്തോഷ് ഈപ്പന്റെയും സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ബാങ്ക് വിശദാംശങ്ങളും വിജിലൻസ് തേടിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയെങ്കിലും, കേസ് രേഖകൾ ക്രൈംബ്രാഞ്ച് ഇതുവരെ സിബിഐയ്ക്ക് നൽകിയിട്ടില്ല. സിബിഐ അന്വേഷണത്തിനെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തീർപ്പാക്കുമ്പോൾ നൽകാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
കേസ് റദ്ദാക്കണമെന്ന ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതേ ആവശ്യം ഉന്നയിച്ച് യുണിടാക് എം.ഡി സന്തോഷ് ഇൗപ്പൻ നൽകിയ ഹർജിയും സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. നേരത്തെ സർക്കാരിന്റെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് വിശദമായ വാദത്തിനാണ് ഇന്നത്തേക്ക് മാറ്റിയത്. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും ഇൗഘട്ടത്തിൽ ഇടപെടുന്നില്ലെന്നും കോടതി അന്ന് വാക്കാൽ പറഞ്ഞിരുന്നു.
വിദേശസഹായ നിയന്ത്രണ നിയമപ്രകാരമാണ് സി.ബി.ഐ കേസെടുത്തത്. എന്നാൽ നിർമ്മാണ കമ്പനിയായ യൂണിടാകിനെതിരെ ഇൗ നിയമപ്രകാരം നടപടിയെടുക്കാൻ കഴിയില്ലെന്നും വിദേശസഹായം സ്വീകരിക്കാൻ പാടില്ലാത്ത വിഭാഗങ്ങളുടെ പട്ടികയിൽ നിർമ്മാണ കമ്പനികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു യുണിടാകിന്റെ വാദം. അതേസമയം കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് വിദേശസഹായം സ്വീകരിച്ചതെന്നും ഇതു നിയമവിരുദ്ധമാണെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.