
തിരുവനന്തപുരം: തിരുവോണം ഉൾപ്പെടെയുള്ള ഓണാവധി ദിവസങ്ങളിൽപോലും റേഷൻ സാധനങ്ങൾ വൻതോതിൽ കരിഞ്ചന്തയിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്ന എല്ലാം ജില്ലാ സപ്ളൈ ഓഫീസർമാരും വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന് സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസർ ഉത്തരവിട്ടു. 'ഇ-പോസ് തകരാറിന്റെ മറവിൽ റേഷൻ കരിഞ്ചന്തയിൽ' എന്ന തലക്കെട്ടിൽ സെപ്തംബർ നാലിന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓണാവധി ദിവസങ്ങളിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ സപ്ളൈസ് ഡയറക്ടർ നാലിനു തന്നെ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം ഇഴയുന്ന സാഹചര്യത്തിലാണ് വിജിലൻസ് വിഭാഗം കർശന നിലപാട് സ്വീകരിച്ചത്.
സൗജന്യ ഓണക്കിറ്റ്, ഓണം സ്പെഷ്യൽ റേഷൻ എന്നിവ വിതരണം തുടങ്ങിയപ്പോൾത്തന്നെ റേഷൻ കടകളിലെ ഇ- പോസ് മെഷീനുകൾ തകരാറിലാകുന്നുവെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.
ഓണത്തിന് റേഷൻ വിതരണം മുടങ്ങാതിരിക്കാനാണ് ആഗസ്റ്റ് 29 മുതൽ നേരിട്ടുള്ള വിതരണത്തിന് റേഷൻ കടകൾക്ക് അനുവാദം നൽകിയത്. ആഗസ്റ്റിലെ റേഷൻ വിതരണം സെപ്തംബർ അഞ്ചു വരെ നീട്ടുകയും ചെയ്തു. ഈ തക്കം മുതലെടുത്താണ് ആഗസ്റ്റിൽ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡ് നമ്പർ ഉപയോഗിച്ച് അവധി ദിവസങ്ങളായ ആഗസ്റ്റ് 31, സെപ്തംബർ1, 2 തിയതികളിൽ ഉൾപ്പെടെ വ്യാപാരികൾ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് മറിച്ചത്.
ഈ ദിവസങ്ങളിൽ 512 കടക്കാർ നടത്തിയ തട്ടിപ്പാണ് പുറത്തായത്. ഇ-പോസ് ഉപയോഗിക്കാതെ ഇടപാട് നടത്തിയാലും അതിൽ കണക്കുകൾ രേഖപ്പെടുത്തണം. അതിന്റെ കണക്ക് സിവിൽ സപ്ളൈസ് ഐ.ടി സെല്ലിൽ ലഭിക്കും. എന്നാൽ ഓഫീസ് അവധിയായതിനാൽ ഐ.ടി വിഭാഗത്തിന് ആ ദിവസങ്ങളിലെ തട്ടിപ്പ് അപ്പോൾ കണ്ടെത്താനായില്ല.
തട്ടിപ്പ് നടത്തിയ റേഷൻകടകൾ പരിശോധിക്കണം,. അതിന് ഉപയോഗിച്ച റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി നിജസ്ഥിതി അറിയണം തുടങ്ങിയ നിർദ്ദേശങ്ങളാണ് വിജിലൻസ് നൽകിയിരിക്കുന്നത്. ഇതിനു പുറമെ വിജിലൻസും പരിശോധന നടത്തും. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞുള്ള അന്വേഷണം പ്രഹസനമാകുമോ എന്ന ആക്ഷേപവും ഉണ്ട്.