
പഴയങ്ങാടി: വെങ്ങരയിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്കും മൂന്ന് ബി.ജെ.പി. പ്രവർത്തകർക്കും പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ കെ.വി. അഖിലേഷ് (19), പി. അജയ് ( 20) എന്നിവരെ പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവർത്തകരായ പി. രാഹുൽ (24), എം. സുമേഷ് (21), എ. മിധുൻ (22) എന്നിവരെ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബി.ജെ.പി പ്രവർത്തകർ വിട്ടിലേക്ക് പോവുംവഴി കിരൺ, ബാലകൃഷ്ണൻ, അഖിലേഷ്, അപ്പു എന്ന അജയ്, ആദർശ് തുടങ്ങി എട്ടോളം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു എന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ പ്രതിഷേധ പ്രകടനം കഴിഞ്ഞ് വെങ്ങരയിലെ ലോക്കൽ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്ന പ്രവർത്തകരെ അകാരണമായി സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. പഴയങ്ങാടി പൊലീസിൽ പരാതി നൽകി.