
മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തി
തൃശൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരിയുടെ മകൻ കീഴടങ്ങിയേക്കും. അക്രമത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാൾ കീഴടങ്ങാൻ തയ്യാറായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ കസ്റ്റഡിയിലുണ്ട്.
മുഖ്യപ്രതി നന്ദനനെ ഇന്നലെ പുലർച്ചെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം ഒഴിവാക്കാൻ പെട്ടെന്ന് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് മടങ്ങുകയും ചെയ്തു. നന്ദനനെ കോടതി റിമാൻഡ് ചെയ്തു. 12ന് വീണ്ടും കസ്റ്റഡിയിൽ എടുത്ത് വിശദമായ തെളിവെടുപ്പ് നടത്തും. നന്ദനന്റെ വീടിന്റെ അരകിലോമീറ്റർ അകലെയാണ് കൊലപാതകം നടന്നത്.
കേസിലെ മറ്റു പ്രതികളായ ചിറ്റിലങ്ങാട് കരിമ്പനയ്ക്കൽ സജീഷ് (35), അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19) എന്നിവർക്കായുളള അന്വേഷണം അയൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഞായറാഴ്ച രാത്രി 11ന് ചിറ്റിലങ്ങാട് വച്ച് പേരാലിൽ പരേതനായ ഉണ്ണിയുടെ മകൻ സനൂപിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് ആവർത്തിച്ചു. വെട്ടേറ്റ സി.പി.എം പ്രവർത്തകരായ പുതുശ്ശേരി പനയ്ക്കൽ വീട്ടിൽ വിപിൻ (28), ആനായ്ക്കൽ മുട്ടിൽ വീട്ടിൽ ജിതിൻ (25), കിടങ്ങൂർ കരിമത്തിൽ അഭിജിത്ത് (22) എന്നിവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
രാഷ്ട്രീയ പോര് മുറുകുന്നു
അതേസമയം, പ്രതികളുടെ രാഷ്ട്രീയബന്ധത്തെ ചൊല്ലിയുളള സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പോര് മുറുകുകയാണ്. രാഷ്ട്രീയം വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയാണ് പൊലീസ്. പ്രതികൾ സംഘപരിവാർ പ്രവർത്തകരെന്ന് മന്ത്രി എ.സി. മൊയ്തീനും സി.പി.എം നേതാക്കളും ആവർത്തിക്കുമ്പോൾ സി.പി.എം ബന്ധമുള്ളവരാണെന്നാണ് ബി.ജെ.പിയുടെ വാദം. നവമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം ഉയർത്തി അണികൾ വാക്പോരിലാണ്. അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിനു മുന്നിൽ ബി.ജെ.പി ഉപവാസം സമരം നടത്തി.