തിരുവനന്തപുരം: ദിനംപ്രതി രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളും വർദ്ധിക്കുന്നു. നഗരത്തിലെ 80ഓളം പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. തിരുവനന്തപുരത്ത് ഉറവിടം അറിയാത്തതും സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതോടെയുമാണ് സോണുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. നിലവിൽ വാർഡുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുന്നില്ല. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സോണുകൾ നിശ്ചയിക്കുന്നത്. ഇൗ പശ്ചാത്തലത്തിലാണ് കൂടുതൽ രോഗികൾ ഉള്ളയിടങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാവുന്നത്. പോസിറ്റീവായ ആളുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ കണ്ടെത്തിയാൽ അവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തി, ആ പ്രദേശം ഒരു കണ്ടെയ്ൻമെന്റ് മേഖലയാക്കും. വാർഡിനു പകരം വാർഡിന്റെ ഭാഗത്താണ് ആളുകളുള്ളതെങ്കിൽ ആ പ്രദേശമായിരിക്കും കണ്ടെയ്ൻമെന്റെ് സോൺ. ഇതിനായി കൃത്യമായ മാപ്പ് തയാറാക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സോൺ പ്രഖ്യാപനം.
കഴക്കൂട്ടം(വാരുവിളാകം കോളനി ഏരിയ), ശ്രീകാര്യം, ചെറുവയ്ക്കൽ,ഉള്ളൂർ, ഇടവക്കോട്,ചെല്ലമംഗലം, ചെമ്പഴന്തി,പൗഡിക്കോണം, ഞാണ്ടൂർക്കോണം, മണ്ണന്തല,നാലാഞ്ചിറ,ചാലക്കുഴി ലെയ്ൻ,കേദാരം നഗർ,ഡോക്ടേഴ്സ് ഗാർഡൻ, കാഞ്ഞിരംപാറ, തുരുത്തുംമൂല, നെട്ടയം,കാച്ചാണി,വാഴോട്ടുകോണം,പാങ്ങോട്, തിരുമല എന്നിവിടങ്ങളിലാണ് പ്രധാനമായും രോഗവ്യാപനം അധികരിച്ചിരിക്കുന്നത്.