mubarak

തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായും ഫാറൂഖ് കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുള്ള ഡോ. പി.എം. മുബാറക് പാഷയെ നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്റിസഭായോഗം തീരുമാനിച്ചു. ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവിയായിരുന്നു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷയുടെ സഹോദരനാണ്.പ്രൊ വൈസ്ചാൻസലറായി പ്രൊഫ. എസ്.വി. സുധീറിനെയും രജിസ്ട്രാറായി ഡോ. പി.എൻ. ദിലീപിനെയും നിയമിക്കും.

dileep

കേരള സർവകലാശാലയുടെ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറാണ് ഡോ. എസ്.വി സുധീർ. വിവിധ എസ്.എൻ കോളേജുകളിൽ ഒമ്പത് വർഷം പ്രിൻസിപ്പലായിരുന്നു. കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറായും പ്രവർത്തിച്ചിട്ടുള്ള സുധീറിന് 39 വർഷത്തെ പ്രവർത്തനപരിചയമുണ്ട്. 25 വർഷം റിസർച്ച് ഗൈഡ്. എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗവും കേരള സർവകലാശാലാ സെനറ്റംഗവുമായിരുന്നു. ധനകാര്യവകുപ്പ് അസി. സെക്രട്ടറിയായിരുന്ന പരേതനായ സി.കെ. വാസവന്റെ മകനാണ്. ചെമ്പഴന്തി എസ്.എൻ കോളേജ് ബോട്ടണി വിഭാഗം മേധാവിയായിരുന്ന ഡോ.എൽ.എസ്. മിനിയാണ് ഭാര്യ. മക്കൾ: സന്ദീപ് (സോഫ്‌റ്റ്‌വെയർ എൻജിനിയർ), നന്ദന (മെഡിക്കൽ വിദ്യാർത്ഥി).

dileep

കേരള യൂണിവേഴ്സി​റ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിടെക് ബിരുദവും കോഴിക്കോട് എൻ.ഐ.ടി യിൽ നിന്ന് എംടെക് ബിരുദവും കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേ​റ്റും നേടിയ ഡോ. പി.എൻ. ദിലീപിന് 29 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസറാണ്. ഉന്നത വിദ്യാഭ്യാസ മന്ത്റിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. കേരള സർവകലാശാല ഫാക്കൽ​റ്റി ഒഫ് എൻജിനിയറിംഗ് അംഗമായും ബിരുദ ബിരുദാനന്തര പഠന ബോർഡ് അംഗമായും സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഒഫ് ഗവർണേഴ്സ് അംഗമായും പ്രവർത്തിച്ചു. ദേശീയ അന്തർദേശീയ ഗവേഷണ ജേർണലുകളിലും കോൺഫറൻസുകളിലും നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൊല്ലം തങ്കശ്ശേരി കാവൽ സ്വദേശിയാണ്. പരേതനായ അഡ്വ. വാക്കനാട് ജി. നാഗപ്പന്റെ മകനാണ്. സുജയാണ് ഭാര്യ. മക്കൾ: അനന്തകൃഷ്ണൻ, ഹരികൃഷ്ണൻ.