തിരുവനന്തപുരം: നഗരത്തിലെ പ്രധാന സ്റ്റേഷനായ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ 19 പൊലീസ് ഉദ്യോഗസ്ഥർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നാലു ദിവസത്തിനുള്ളിലാണ് സ്റ്റേഷനിൽ ഇത്രയുമധികം പൊലീസുകാക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഒരു പ്രൊബേഷൻ എസ്.ഐയുൾപ്പടെ നാല് എസ്.ഐമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവരുമായി പ്രാഥമികമായി സമ്പർക്കത്തിലേർപ്പെട്ടവരോ‌ട് ജോലിയിൽ തന്നെ തുടരാണ് മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം സി.ഐയ്ക്ക് പരിശോധന നടത്തിയതിൽ ഫലം നെഗീറ്റവായിരുന്നെങ്ങിലും ഇന്നലെ ചെറിയ പനിയുടെ ലക്ഷണം പ്രകടമായതിനാൽ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ പോയി. എന്നാൽ നിലവിൽ പ്രഥമിക സമ്പർക്കപ്പട്ടികയിലുള്ള 12 പൊലീസുകാരോട് ജോലിയിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യം ധരിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയാൽ സ്റ്റേഷൻ ജോലികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രോഗലക്ഷണങ്ങളില്ലെങ്കിൽ ജോലി ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ ഇവിടെ പ്രാഥമിക സമ്പർക്കത്തിലുള്ളവരും ജോലി ചെയ്യണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുകയാണ്.