തിരുവനന്തപുരം: റവന്യൂ മന്ത്രിയുടെ എതിർപ്പ് മറികടന്ന് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റവന്യൂ ഭരണത്തിൽ ഇടപെടാനായി ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർമാരെ ( ഡി. ഡി. സി )​ നിയമിക്കാനുള്ള സർക്കാർ ഉത്തരവ് വീണ്ടുമൊരു സി.പി.ഐ - സി.പി.എം തർക്കത്തിന് വഴിയൊരുക്കുന്നു.

കോർപ്പറേഷനുകളുള്ള ആറ് ജില്ലകളിലാണ് ഒന്നാം ഗ്രേഡ് സബ് കളക്ടറുടെ തസ്തികയിൽ ഡി.‌ഡി.സിയെ നിയമിക്കുന്നത്. സെപ്തംബർ 30ന് ആണ് ചീഫ് സെക്രട്ടറി ഇതിന്റെ ഉത്തരവ് ഇറക്കിയത്.

161 ഐ.എ.എസുകാരടെ കേഡർ തസ്തികയിൽ 55 ഉം ഒഴി‌ഞ്ഞു കിടക്കേ ജൂനിയർ ഐ.എ.എസുകാരെ ജില്ലാ വികസന കമ്മിഷണറാക്കുന്നതിനെ സി.പി.ഐ എതിർക്കുകയാണ്. ഈ നിർദ്ദേശം റവന്യൂ മന്ത്രി ആദ്യമേ തള്ളിയിരുന്നു.

ഇപ്പോൾ കളക്ടർമാർ റിപ്പോർട്ട് ചെയ്യേണ്ടത് ലാൻഡ് റവന്യൂ കമ്മിഷണർക്കും റവന്യൂ സെക്രട്ടറിക്കുമാണ്. ഇവരാകട്ടെ റവന്യൂ മന്ത്രിക്ക് കീഴിലും. പുതിയ ഐ.എ.എസുകാരെ പ്രത്യേക ചുമതലയുമായി നിയമിക്കുമ്പോൾ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരിട്ട് റവന്യൂ ഭരണത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സി.പി.ഐയുടെ ആശങ്ക.

ജില്ലകളിലെ വികസന പദ്ധതികളുടെ മേൽനോട്ടം,​ അവയുടെ പുരോഗതി വകുപ്പ് സെക്രട്ടറിമാരെ അറിയിക്കുക, വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, അഡ്വക്കേറ്ര് ജനറലുമായി ലെയിസൺ നടത്തുക, പദ്ധതി നടത്തിപ്പിൽ കളക്ടറെ സഹായിക്കുക തുടങ്ങിയവയാണ് ഡി.ഡി.സിമാരുടെ ചുമതല.

ഡി.ഡി.സി നിയമനം റദ്ദാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും ജോയിന്റ് കൗൺസിൽ നിവേദനം നൽകിക്കഴിഞ്ഞു. ജില്ലയിൽ രണ്ട് അധികാരസ്ഥാനങ്ങൾ ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കൗൺസിലിന്റെ വിമർശനം.