
തിരുവനന്തപുരം: കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വരുമ്പോൾ അത് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ സ്വകാര്യ ആഹ്ളാദം കൂടിയണ്. കർഷകർക്കായി പെൻഷൻ പദ്ധതിയും അവശകർഷകർക്ക് സാമ്പത്തികസഹായവും നൽകണമെന്ന ആവശ്യവുമായി വർഷങ്ങൾ പോരാട്ടം നടത്തിയ ചരിത്രം കർഷകൻ കൂടിയായ മന്ത്രിക്കുണ്ട്. സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ പെരുകിയപ്പോൾ വിഷയം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി ചെയർമാനും കൃഷ്ണൻകുട്ടിയായിരുന്നു.
കൃഷി ശാസ്ത്രജ്ഞൻ ഹേലിയും അംഗമായിരുന്ന ആ സമിതിയാണ് കർഷക ക്ഷേമനിധിയെന്ന ആശയം മുന്നോട്ട് വച്ചത്. 2013ൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് ഭരണ പ്രതിപക്ഷ കക്ഷികൾ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ഇൗ റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര കൃഷിവകുപ്പ് കർഷകക്ഷേമ വകുപ്പായി പുനർനാമകരണം ചെയ്തത്. കർഷകനെ രാഷ്ട്രസേവകനായി അംഗീകരിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാനശുപാർശ.
നിയമസഭയിൽ കർഷക ക്ഷേമനിധിക്കായി സ്വകാര്യബിൽ കൊണ്ടുവന്ന ചരിത്രവും കൃഷ്ണൻകുട്ടിക്കുണ്ട്. ഇൗ സർക്കാരിന്റെ കാലത്തായിരുന്നു അത്. ഇക്കാര്യം സർക്കാർ പദ്ധതിയായി കൊണ്ടുവരുമെന്ന മന്ത്രി സുനിൽകുമാറിന്റെ ഉറപ്പിനെ തുടർന്ന് അന്ന് ബിൽ അവതരിപ്പിച്ചില്ല.