p

തിരുവനന്തപുരം:നൂറ് വയസിന്റെ നിറവിൽ കഴിയുന്ന ജാനമ്മ ടീച്ചറിന്റെ അനുഗ്രഹം തേടി എത്തിയ വിജയകുമാറിനോട് ടീച്ചറിന്റെ ചോദ്യം - 'നീ ആ മീശ നാരായണന്റെ മോനല്ലേ?​' ടീച്ചറിന്റെ പാദങ്ങളിൽ വിജയകുമാർ സാഷ്‌ടാംഗം നമസ്‌കരിച്ചു. എഴുന്നേറ്റപ്പോൾ നെറ്റിയിൽ ഉമ്മയായി ടീച്ചറുടെ അനുഗ്രഹം.

നീട്ടിക്കിട്ടിയ ഔദ്യോഗിക ജീവിതത്തിൽ ഐ.പി.എസ് ലഭിച്ചപ്പോഴാണ് എൻ. വിജയകുമാർ ഗുരുവിന്റെ അനുഗ്രഹം തേടി എത്തിയത്. പ്രണമിച്ചപ്പോൾ സുഹൃത്ത് എടുത്ത ചിത്രം സമൂഹ മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നു.

കുറവൻകോണം ഗവ.യു. പി. എസിൽ പഠിക്കുമ്പോഴേ മീശ നാരായണന്റെ മോൻ എന്നാണ് ജാനമ്മ ടീച്ചർ വിജയകുമാറിനെ തിരിച്ചറിഞ്ഞിരുന്നത്. ആർ.എം.എസിൽ ജോലിയുണ്ടായിരുന്ന നാരായണൻ മകന്റെ പഠനപുരോഗതി അറിയാൻ സ്കൂളിൽ എത്തിയിരുന്നു.

ജീവിതത്തിൽ ഓരോ നേട്ടമുണ്ടാകുമ്പോഴും വിജയകുമാർ ജാനമ്മ ടീച്ചറെ സന്ദർശിക്കും. ''മാതാ പിതാ ഗുരു ദൈവം' എന്നാണല്ലോ. എന്റെ അമ്മ ലക്ഷ്‌മിക്കുട്ടിയാണ് ഐ.പി.എസ് ബാഡ്‌ജ് അണിയിച്ചത്. അച്ഛൻ മരിച്ചുപോയി. പിന്നെ സ്ഥാനം ഗുരുവിനാണ്.''- വിജയകുമാർ പറഞ്ഞു.

1988ൽ എസ്.ഐയായി. ഹരിപ്പാടായിരന്നു ആദ്യ നിയമനം. ഹെഡ് ക്വാർട്ടേഴ്സ്

എസ്.പിയായിരിക്കെ 2018ൽ ജൂലായിൽ വിരമിച്ചു. ഇപ്പോഴാണ് ഐ.പി.എസ് കിട്ടുന്നത്. ഇനി രണ്ടു വർഷം ഐ.പി.എസുകാരനായി ജോലി ചെയ്യാം.

ഭാര്യ ഡോ. അനിത കുമാരി കാര്യവട്ടം പോപ്പുലേഷൻ റിസർച്ച് സെന്ററിൽ ജോലി ചെയ്യുന്നു. മകൾ ഡോ. സൂര്യ. മരുകമൻ ഡോ. ജിഷ്ണുരാജ് നേവിയിൽ ലെഫ്. സർജനാണ്. മകൻ ശ്രീറാം വിജയ് മാർ ബസേലിയോസ് കോളേജിലെ വിദ്യാർത്ഥി.