police

ഹെൽമെറ്റില്ലാത്തതിന് വൃദ്ധനെ വലിച്ചിഴച്ചും കരണത്തടിച്ചും ജീപ്പിലേക്ക് എടുത്തെറിഞ്ഞും കൈക്കരുത്ത് കാട്ടി, കേരളത്തെ നാണക്കേടിന്റെ പടുകുഴിയിലാക്കുകയാണ് പൊലീസ്. കർക്കശക്കാരനായ മുഖ്യമന്ത്രി തലപ്പത്തുണ്ടായിട്ടും വീഴ്ചകളിൽനിന്ന് വീഴ്ചകളിലേക്ക് കൂപ്പുകുത്തുകയാണ് കേരളാ പൊലീസ്. പൊലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരവുമായിരിക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പലവട്ടം താക്കീത് നൽകിയതാണ്. യുവപൊലീസുകാരുടെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയായിരിക്കണമെന്നും കൃത്യനിഷ്ഠ പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോൾ ഉയർന്ന സാംസ്‌കാരിക നിലവാരം പുലർത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അന്ത്യശാസനം ചെവിക്കൊള്ളാതെയാണ് കൊല്ലത്ത് വൃദ്ധനെ നടുറോഡിൽ യുവ എസ്.ഐ ചെകിട്ടത്തടിച്ചത്.

പൊലീസിന്റെ നടപടികൾ സർക്കാരിന് നാണക്കേടായതോടെ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് 'തെറ്റുതിരുത്തൽ' പ്രക്രിയയ്ക്ക് തുടക്കമിട്ടിരുന്നു. എത്ര മികവുണ്ടെങ്കിലും ഒരു മോശം കാര്യം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അതായിരിക്കും പൊലീസിന്റെ മുദ്റയായി ജനങ്ങൾ കാണുന്നതെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ കാര്യങ്ങളും സംരക്ഷിക്കുക എന്ന ചുമതലയാണ് ഏറ്റെടുക്കാൻ പോകുന്നത്. ഭരണഘടനയ്ക്ക് എതിരെയുള്ള വെല്ലുവിളികൾ പലതരത്തിൽ ഉയർന്നുവരുന്ന കാലത്ത് വലിയ ഉത്തരവാദിത്വമാണ് പൊലീസ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഫലമുണ്ടായില്ല.

പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും ധാർഷ്‌ട്യം കാട്ടുകയും ചെയ്യുന്ന പൊലീസിന് ശക്തമായ മുന്നറിയിപ്പെന്നോണം, കേസുകളിൽ കുടുങ്ങിയ എസ്.ഐയ്ക്ക് അനുവദിച്ച പൊലീസ് മെഡൽ തിരിച്ചെടുത്ത് മുഖ്യമന്ത്രി സേനയ്ക്ക് സന്ദേശം നൽകിയിരുന്നു. 2015ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച എസ്.ഐ വി.വി.നടേശനെതിരെയാണ് നടപടിയെടുത്തത്. മെഡൽ അനുവദിച്ച ശേഷം നടേശനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് പൊലീസ് മേധാവിയുടെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ നടേശനെ പ്രതിയാക്കി വൈക്കം മുനിസിഫ് കോടതിയിൽ സിവിൽ കേസുകളുണ്ടെന്നും നാട്ടുകാരെ അസഭ്യം പറഞ്ഞതായി പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി. വിജിലൻസ് കേസ്, ട്രൈബ്യൂണൽ നടപടികൾ, ക്രിമിനൽ കേസ്, സ്വകാര്യ ഹർജികൾ, കോടതി കേസുകൾ എന്നിങ്ങനെ നടപടികൾ നേരിടുന്നവർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരല്ലെന്ന സർക്കുലർ നിലവിലുണ്ടെന്നും വി.വി.നടേശൻ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനല്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സർക്കാരിനെ അറിയിച്ചു.

പൊലീസിലെ അഴിമതിയും കെടുകാര്യസ്ഥയും വച്ചുപൊറുപ്പിക്കില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. പക്ഷപാതവും വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളും ഉപേക്ഷിച്ച് നീതിനിർവഹണത്തിൽ ജനങ്ങളുടെ പക്ഷത്തു നിൽക്കണമെന്ന് മുഖ്യമന്ത്രി പലവുരു കർശനമായി നിർദ്ദേശിച്ചതുമാണ്. ഉദ്യോഗസ്ഥരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്തണമെന്നും നിർദ്ദേശിച്ചിട്ടും ഫലമില്ല. ഈ സർക്കാർ വന്ന ശേഷം കൃത്യനിർവഹണത്തിലെ വീഴ്ചയുടെ പേരിൽ മൂന്ന് ഡസനോളം പൊലീസുകാർ സസ്പെൻഷനിലായി. എസ്.ഐമാർ അടക്കം ഇരുപതിലേറെപ്പേർ കേസുകളിൽ പ്രതികളായി. എന്നിട്ടും വീഴ്ചകൾ തുടരുന്നു. ഉന്നത ബിരുദങ്ങളുള്ളവർ എസ്.എച്ച്.ഒമാരായിട്ടും ക്വട്ടേഷൻ-മാഫിയാ-രാഷ്ട്രീയ ബന്ധങ്ങളുള്ള പൊലീസുകാരിൽ നിന്ന് സ്റ്റേഷനുകൾക്ക് മോചനമില്ലെന്ന അവസ്ഥ തുടരുന്നു.

ബെഹ്റയുടെ

കൽപ്പനകൾ

എവിടെ ?

ജനങ്ങളോടുള്ള പെരുമാറ്റം മോശമായാൽ കസേര തെറിക്കുമെന്ന് സേനാംഗങ്ങൾക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകിയത്. മോശം പെരുമാറ്റമെന്ന് പരാതിയുണ്ടായാൽ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസുകാർക്കായിരിക്കും. അന്വേഷണ കാലയളവിൽ ആരോപണവിധേയനെ യൂണിറ്റ് മേധാവികൾ തത്‌സ്ഥാനത്തു നിന്ന് മാറ്റിനിറുത്തും. പരാതിക്കാർക്ക് മനോവേദനയുണ്ടാക്കുന്ന പെരുമാറ്റം സ്റ്റേഷനുകളിലെ പൊലീസുകാരിൽ നിന്നുണ്ടാവുന്നു. ഇത് ജനങ്ങൾക്ക് പൊലീസിനോട് വെറുപ്പും അവജ്ഞയും ഉണ്ടാകാനിടയാക്കും. അവസാന ആശ്രയമെന്ന നിലയിൽ പൊലീസ് സ്​റ്റേഷനുകളെ സമീപിക്കുന്ന സാധാരണക്കാരുടെ ദുഃഖവും വേദനയും മനസിലാക്കാൻ പൊലീസുകാർക്ക് കഴിയണം. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. കൃത്യമായ ഇടപെടലുകളും അനുകമ്പയോടെയുള്ള പെരുമാ​റ്റവുമാണ് പൊലീസിന് വേണ്ടത്. എല്ലാ ഉദ്യോഗസ്ഥരും ഓഫീസിലും പുറത്തും മാന്യതയോടെ പെരുമാറണം- സേനാംഗങ്ങൾക്ക് ബെഹ്റ അയച്ച സർക്കുലർ ഇങ്ങനെയായിരുന്നു.

സാധാരണക്കാർക്ക് ഉദ്യോഗസ്ഥരെ നേരിൽക്കാണാനും പരാതി നൽകാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. ഉന്നത ഉദ്യോഗസ്ഥരെ കാണാൻ അവസരമില്ലാത്തത് ജനങ്ങളിൽ മോശം പ്രതിച്ഛായയുണ്ടാക്കും. വിവരങ്ങൾ കൈമാറാനും അന്വേഷണപുരോഗതി മനസിലാക്കാനും സാധാരണക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. മുതിർന്ന ഉദ്യോഗസ്ഥനെ കാണാൻ ഉദ്ദേശിക്കുന്നവർക്ക് എത്രയും വേഗം അതിന് സൗകര്യമൊരുക്കണം. എല്ലാ യൂണിറ്റുകളിലും എസ്.എം.എസ്, വാട്ട്‌സ് ആപ്പ് എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം. സാമുദായിക, രാഷ്ട്രീയ സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തണം. പ്രശ്‌നങ്ങളുണ്ടായാൽ കൃത്യവും ശക്തവുമായ നടപടികളിലൂടെ ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കണം.- ഈ നിർദ്ദേശങ്ങളെല്ലാം പൊലീസ് മറന്നു.

ഡിജിപിയുടെ

പാഴായിപ്പോയ

നിർദ്ദേശങ്ങൾ

സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ തെറ്റാണെന്ന് കരുതി നടപടി സ്വീകരിക്കാതിരിക്കുകയോ കാലതാമസം ഉണ്ടാക്കുകയോ ചെയ്യരുത്. സഹായമാവശ്യപ്പെട്ട് വിളിക്കുന്നവർക്ക് ഉടനടി ലഭ്യമാക്കണം. വ്യാജസന്ദേശങ്ങൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കണം.

എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങൾ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഏത് അവസ്ഥയിലും സഭ്യേതര പദപ്രയോഗം പാടില്ല. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിലാവണം പെരുമാറ്റം.

 കസ്റ്റഡിയിലുള്ളവരോട് പെരുമാറുന്നത് സർക്കാരും മനുഷ്യാവകാശ കമ്മിഷനും നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാവണം. സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പൂർണമായി പാലിക്കണം.

 തുറന്ന മനസോടെയും മുൻവിധികളില്ലാതെയും ആവണം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഉദ്യോഗസ്ഥർ ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായിരിക്കണം. സർവീസിലുടനീളം നിഷ്‌പക്ഷരായിരിക്കണം.

 സ്വീകരിച്ച നടപടികളും അന്വേഷണ വിവരങ്ങളും പരാതിക്കാരെ ഫോണിലൂടെയോ എസ്.എം.എസായോ നേരിട്ടോ അറിയിക്കണം. കേസുകൾ വിശദമായി പഠിച്ച്, പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റവാളികളെ കണ്ടെത്തണം.

 സ്​റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ അധികാരപരിധിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണം. ജനങ്ങളുടെ മനോഭാവം, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ, പ്രദേശത്തിന്റെ മുൻകാല ചരിത്രം എന്നിവ മനസിലാക്കിയാൽ ഏതു പ്രശ്‌നവും കൃത്യതയോടെ പരിഹരിക്കാൻ പൊലീസിന് കഴിയും.

 സ്റ്റേഷനുകൾ, സബ് ഡിവിഷനുകൾ, ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ പൊലീസിന്റെ പ്രവർത്തനം അവലോകനം ചെയ്യണം. എല്ലാ ആഴ്ചയും യോഗം ചേർന്ന് ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും മനസിലാക്കി തിരുത്തൽ നടപടികൾ സ്വീകരിക്കണം.

 പൊതുജന സഹകരണവും മികച്ച ഇന്റലിജൻസ് സംവിധാനവും ശക്തിപ്പെടുത്തണം. ഇതിനായി ജനമൈത്രി ബീ​റ്റ് പൊതുജന സഹകരണത്തോടെ ശക്തിപ്പെടുത്തണം.

 റസിഡന്റ്‌സ് അസോസിയേഷനുകൾ, സംഘടനകൾ, സ്‌കൂളുകൾ എന്നിവയുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കുന്നത് പൊലീസിനു പൊതുജന സമ്മതിയുണ്ടാക്കും. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ഫലപ്രദമാക്കണം.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതികളുണ്ടെങ്കിലും ഇവ ജനങ്ങൾ അറിയാതെ പോകുന്നു. നവമാദ്ധ്യമങ്ങളടക്കം ഉപയോഗിച്ച് പദ്ധതികൾ ജനങ്ങളിലെത്തിക്കണം.

മുഖ്യമന്ത്രിയുടെ

അഞ്ച് കൽപ്പനകൾ

 പൊലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരവുമായിരിക്കണം

 പൊലീസുകാരുടെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയായിരിക്കണം.

 കൃത്യനിഷ്ഠ പാലിക്കണം, ജനങ്ങളുമായി ഇടപഴകുമ്പോൾ ഉയർന്ന സാംസ്‌കാരിക നിലവാരം പുലർത്തണം.

 എത്ര മികവുകളുണ്ടെങ്കിലും ഒരു മോശം കാര്യമുണ്ടായാൽ അതായിരിക്കും പൊലീസിന്റെ മുദ്ര

 ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ കാര്യങ്ങളും സംരക്ഷിക്കുക എന്ന ചുമതലയാണ് പൊലീസിനുള്ളത്.

പരിഹരിക്കാൻ

ആറ് പ്രശ്‌നങ്ങൾ

രാഷ്ട്രീയം


അമിത രാഷ്ട്രീയവത്കരണം സേനയുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്നു. സേനാംഗങ്ങൾക്കിടയിൽ രാഷ്ട്രീയ ചേരിതിരിവ് രൂക്ഷം. സ്റ്റേഷൻ ഭരണം ഒരു വിഭാഗം കൈപ്പിടിയിലാക്കുമ്പോൾ കുഴപ്പങ്ങളുണ്ടാക്കാൻ മറുവിഭാഗം ശ്രമിക്കുന്നു. രാഷ്ട്രീയ അതിപ്രസരം സേനയുടെ വിശ്വാസ്യത തകർക്കുമെന്ന് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട്.


ഏകോപനം


അഞ്ച് ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരെ സിറ്റികളിൽ കമ്മിഷണർമാരാക്കിയും റേഞ്ചുകളിൽ ഐ.ജിക്ക് പകരം ഡി.ഐ.ജിമാരെ നിയോഗിച്ചും ഉത്തര-ദക്ഷിണ അഡി.ഡി.ജി.പിമാരെ ഒഴിവാക്കിയുമുള്ള പരീക്ഷണത്തോടെ സേനയുടെ ഏകോപനം പാളിപ്പോയി. പൊലീസ് മേധാവിക്ക് താഴെ സംസ്ഥാനമാകെ ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി വന്നെങ്കിലും ഗുണമില്ല.


അസംതൃപ്തി


ഡി.ജി.പി, എ.ഡി.ജി.പി റാങ്കിൽ ഇരുപതിലേറെ ഉദ്യോഗസ്ഥരുണ്ടെങ്കിലും രണ്ടുപേർക്കു മാത്രമേ ക്രമസമാധാനചുമതലയുള്ളൂ. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെ വാക്കുകേട്ട് പൊലീസ് സംവിധാനം പൊളിച്ചുപണിഞ്ഞതിൽ ഉന്നതഉദ്യോഗസ്ഥർക്ക് അസംതൃപ്തി.


നിയന്ത്രണം


പൊലീസിൽ സർക്കാരിനും ഡി.ജി.പിക്കുമുള്ള പിടി അയഞ്ഞതു പോലെയാണ് കാര്യങ്ങൾ. പൊലീസ് നേതൃത്വത്തിന് താഴേത്തട്ടിൽ നിയന്ത്രണമില്ലാതായിട്ട് കാലമേറെയായി. ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ തലയ്‌ക്കു മുകളിലിരുന്ന് ചീഫ് സെക്രട്ടറി റാങ്കോടെ മുൻ ഡി.ജി.പി രമൺ ശ്രീവാസ്‌തവ സേനയെ ഭരിക്കുന്നു. പ്രധാന നിയമനങ്ങളെല്ലാം രാഷ്ട്രീയ ശുപാർശയിൽ.


നിയമാവബോധം


സേനയിൽ എൻജിനിയർമാരും എം.ബി.എക്കാരും ഏറെയുണ്ടെങ്കിലും നിയമപരി‌ജ്ഞാനമുള്ളവർ കുറവ്. പൊലീസ് മാന്വൽ പഠിപ്പിക്കുന്നതും സി.പി.ഒ മുതൽ എസ്.ഐ വരെയുള്ളവരുടെ ചുമതലകളെക്കുറിച്ച് ഡിവൈ.എസ്.പിമാർ പരീക്ഷ നടത്തിയിരുന്നതും നിറുത്തി. എസ്.ഐമാർക്കു വരെ നല്ല നടപ്പ് പരിശീലനവും അവസാനിപ്പിച്ചു.


നടപടി


പൊലീസ് ആക്ടിലെ 86-സി പ്രകാരം സ്ത്രീകളോട് ധാർഷ്ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാം. ഇത് പ്രയോഗിക്കാറേയില്ല. കേസിൽപ്പെട്ടാൽ ആറുമാസത്തെ സസ്‌പെൻഷനു ശേഷം കാക്കിയിട്ട് വിലസാം. എസ്.ഐക്കെതിരായ വകുപ്പുതല അന്വേഷണം തീരാൻ 15 വർഷമെങ്കിലും കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും