jelly-fish

കാഞ്ഞങ്ങാട്: അന്നത്തിന് വക തേടി കടലിൽ ഇറങ്ങുന്ന മത്സ്യ തൊഴിലാളികൾക്ക് ദുരിതമായി ജെല്ലി ഫിഷ്. മീനിന് പകരമാണ് ഇവ കൂട്ടത്തോടെ വലയിൽ കുരുങ്ങുന്നത്. ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞ് തടിപ്പ് അനുഭവപ്പെടുന്നതാണ് പ്രശ്നം. ചൊവ്വാഴ്ച മത്സ്യബന്ധനത്തിനിറങ്ങിയ തളിയിലപ്പൻ വലക്കാർക്ക് കിട്ടിയതെല്ലാം ജെല്ലി ഫിഷുകളാണ്. ഇതിനെ എളുപ്പം പുറത്താക്കാനും കഴിയില്ല. കൊവിഡ് കാലത്തെ കഷ്ടപ്പാടിന് ഇടയിലാണ് മത്സ്യത്തൊഴിലാളികൾക്ക് കൂനിൻമേൽ കുരുവായി ജെല്ലിഫിഷുകളുടെ രംഗപ്രവേശം. ശരീരത്തിൽ 90 ശതമാനവും ജലാംശമുള്ള ജീവിയാണ് ഇത്. കുടയുടെ ആകൃതിയാണ് ശരീര ഘടന. ഇവയെ ഹൃദ്രോഗത്തിനും കാൻസറിനുമുള്ള ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇക്കൂട്ടത്തിലെ ബോക്സ് ജെല്ലിഫിഷ് അപകടകാരിയാണ്. മനുഷ്യരെ കൊല്ലാൻ വരെ ശേഷിയുള്ള വിഷമാണ് അതിനുള്ളത്. ചിലവയ്ക്ക് ശരീരത്തിൽ നിന്ന് പ്രകാശം പരത്താനുള്ള കഴിവുമുണ്ട്. ജപ്പാൻ, കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ ജെല്ലിഫിഷിനെ ഭക്ഷണമായും ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ഇവ മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കികളാണ്.