
വെള്ളറട: കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാം തവണയാണ് അമ്പൂരി മേഖലയിലെ ആദിവാസി ഉൗരുകളിൽ ജീവൻ പൊലിയുന്നത്. അമ്പൂരി പേരാങ്കല്ല് തെന്മല സെറ്റിൽമെന്റിലെ ബോബൻ - ബിന്ദു ദമ്പതികളുടെ മകൻ ഷിജുവിനാണ് ദാരുണാന്ത്യം. ഇന്നലെ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഷിജു, സഹോദരൻ അലൻ, ബന്ധു ശ്രീജിത്ത് എന്നിവർ നെയ്യാർ നദിയിലെ പൊരിമല കടവ് കടന്ന് കൊമ്പ വനമേഖലയിലെത്തിയത്. കാട്ടാനകളെ കണ്ട് രക്ഷപ്പെടുന്നതിനിടെ ഷിജുവിനെ ഒരു കാട്ടാനയെത്തി പിടികൂടി നിലത്തടിക്കുകയായിരുന്നു. ഷിജുവിന്റെയും അലന്റെയും അമ്മ ബിന്ദു നേരത്തേ മരിച്ചു. അച്ഛൻ ഗോപൻ കാണി ഇവരെ ഉപേക്ഷിച്ചുപോയതോടെ മുത്തശിയുടെ സംരക്ഷണയിൽ കഴിയുന്ന ഇവർ കാട്ടിലെ മരുന്നുകൾ ശേഖരിച്ച് വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് ജീവിക്കുന്നത്. കൊമ്പെ, പുരവിമല മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നേരത്തെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഉൾക്കാടുകളിൽ നിന്നും വെള്ളം കുടിക്കാനെത്തുന്ന ആനകൾ ആദിവാസികളുടെ കൃഷി നശിപ്പിക്കാറുണ്ട്. കൃഷിചെയ്‌ത് ജീവിക്കാൻ കഴിയാതെ വന്നതോടെ ഇവർ ഉൾവനങ്ങളിൽ കാട്ടുവിഭവങ്ങളും മരുന്നുകളും ശേഖരിക്കാൻ പോകുന്നത് പതിവാണെന്ന് തൊടുമല വാർഡ് മെമ്പർ ഷിബു ചാക്കപ്പാറ പറഞ്ഞു. കാട്ടാനശല്യം കുറയ്‌ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആദിവാസികളുടെ ആവശ്യം.