kurumulak

കിളിമാനൂർ: തുടർച്ചയായുള്ള വിലയിടിവ് കാരണം കറുത്ത പൊന്നായ കുരുമുളക് കൃഷി പ്രതിസന്ധിയിൽ. മുൻ വർഷങ്ങളിലെ വിലയുടെ മൂന്നിലൊന്ന് പോലും ഇപ്പോൾ ലഭിക്കുന്നില്ല. ഒപ്പം കുരുമുളക് ചെടിക്കുണ്ടാകുന്ന രോഗ ബാധയും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 30,500ൽ നിന്ന് 30,900 ആയും ഗാർബിൾഡിന് 29,500ൽ നിന്ന് 29,900ആയും ഉയർന്നിരുന്നു. പക്ഷേ പിന്നീടുണ്ടായ വിലയിടിവ് കർഷകർക്ക് ഇരുട്ടടിയായി.

കുരുമുളക് മെതിച്ചുണങ്ങി വിപണിയിലെത്തിച്ചാൽ പണിക്കൂലി പോലും കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. വളത്തിന്റെയും കീടനാശിനികളുടെയും വില വർദ്ധനയും കർഷകർക്ക് ഇരുട്ടടിയായി. ജൂൺ, ജൂലായ് മാസങ്ങളിൽ കാര്യമായി മഴ ലഭിക്കാതിരുന്നതും, ബാക്ടീരിയ ബാധയും, ഇല ചീയൽ രോഗവും വേരുകളിലെ പൂപ്പൽ ബാധയും കുമിൾ രോഗവുമെല്ലാം കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചു.

പ്രതിസന്ധിയിലായ കർഷകർക്ക് സ്‌പൈസസ് ബോർഡിന്റെ ധനസഹായം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കുരുമുളക് തോട്ടങ്ങളിൽ മഞ്ഞൾ, ചേമ്പ്, ഇഞ്ചി എന്നിവ ഇടവിളയായി കൃഷി ചെയ്യുമായിരുന്നെങ്കിലും കാട്ടുപന്നി ശല്യം കാരണം ഇതും നിലച്ചു. തൊഴിലാളികൾക്കു 700 മുതൽ 800 രൂപ വരെ കൂലി കൊടുക്കണം. വിലയിടിവ് കാരണം പല കർഷകരും നാല് വർഷത്തെ കുരുമുളക് വരെ വിൽക്കാതെ വച്ചിരിക്കുകയാണ്.

പ്രതിസന്ധിയിലായ കുരുമുളക്

 കുരുമുളക് നട്ട് രണ്ട് വർഷം കഴിയുമ്പോൾ വിളവെടുക്കാം

 വിലയിടിവും രോഗബാധയും വളത്തിന്റെ വില വർദ്ധനയും കൃഷിയെ ബാധിച്ചു

 നെടുമങ്ങാട്, പാലോട്, കല്ലറ, ഭരതന്നൂർ, കിളിമാനൂർ മേഖലകളിൽ കുരുമുളക് കൃഷി ധാരാളം

 തൊഴിലാളികൾക്കുള്ള കൂലി- 700 മുതൽ 800 രൂപ വരെ

 2016ൽ ഒരു കിലോ കുരുമുളകിന് വില: 700 - 750

 ഇപ്പോൾ: 280 - 300

 ഇടവിളയായ മഞ്ഞൾ, ചേമ്പ്, ഇഞ്ചി എന്നിവയുടെ കൃഷി കാട്ടുപന്നി ശല്യം കാരണം നിലച്ചു