
മെലിഞ്ഞ ശരീരമാണോ സൗന്ദര്യത്തിന്റെ യഥാർത്ഥ ലക്ഷണമെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം നൽകുക എളുപ്പമല്ല. എന്നാൽ സ്ളിം ബ്യൂട്ടികൾക്കാണ് കൂടുതൽ ആരാധകർ എന്നകാര്യം ഏതാണ്ട് ഉറപ്പാണ്. ശരീരവണ്ണത്തിന് സൗന്ദര്യക്കുറവില്ലെങ്കിലും ആരോഗ്യപരമായി അത്ര നല്ലതല്ല.അതുകൊണ്ടുതന്നെ ഒന്നുമെലിഞ്ഞുകിട്ടാൻ എന്ത് സാഹസത്തിനും പലരും തയ്യാറാണ്. ശരീരം കുറയ്ക്കാൻ പലവിധ ഡയറ്റുകളുണ്ടെങ്കിലും അവരവരുടെ ശരീരപ്രകൃതിക്കും തൊഴിലിനും സാഹചര്യത്തിനും അനുസരിച്ചുള്ളത് വേണം തിരഞ്ഞെടുക്കാൻ.
1 സോൺ ഡയറ്റ്
അന്നജം - മാംസ്യം - കൊഴുപ്പ് 40 :30: 30 എന്ന അനുപാതത്തിലാണ് ഈ ഡയറ്റ് ക്രമപ്പെടുത്തിയിരിക്കുന്നത്. പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്ന് ആവശ്യമായ അന്നജം ലഭിക്കും. കൊഴുപ്പ് മാറ്റിയ ഇറച്ചികൾ, മീൻ, മുട്ടയുടെ വെള്ള എന്നിവ കഴിച്ചാൽ മാംസ്യവും കിട്ടും. ഒലീവ് എണ്ണ, നട്‌സ് എന്നിവയിൽ നിന്ന് ആവശ്യമായ കൊഴുപ്പും ലഭിക്കും.
നല്ലകൊഴുപ്പുകൾ കൂടുതലും പൂരിതകൊഴുപ്പ് , ട്രാൻസ് ഫാറ്റ് എന്നിവ കുറഞ്ഞ അളവിലുമാണ് ഇതിൽ ഉപയോഗിക്കുന്നു എന്നതാണ് ഈ ഡയറ്റിന്റെ ഗുണം. ഈ രീതി തുടർന്ന് പ്രയോഗിക്കാൻ ബുദ്ധിമുട്ടാണെന്നതാണ് പ്രധാന ന്യൂനത. മാത്രമല്ല, അന്നജം-മാംസ്യം-കൊഴുപ്പ് എന്നിവയുടെ അനുപാതത്തിൽ മാറ്റം വന്നാൽ ശരീരഭാരം കൂടാൻ സാദ്ധ്യതയുണ്ട്.
2 ആറ്റ്‌കിൻസ് ഡയറ്റ്
ഈ ഡയറ്റിൽ മാംസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. അന്നജം ധാരാളം അടങ്ങിയ അരി, മൈദ, പഞ്ചസാര, കിഴങ്ങ് വർഗങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. മാംസ്യം ധാരാളമടങ്ങിയ മത്സ്യം, മാംസം, മുട്ടയുടെ വെള്ള, നട്സ് (അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവ) അധികമായി ഉപയോഗിക്കാം. ഏതുതരം കൊഴുപ്പ് വേണമെങ്കിലും കഴിക്കാം.
അന്നജം കുറയ്ക്കുന്നതിനാൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം. മാംസ്യവും കൊഴുപ്പും കൂടിയ അളവിൽ ഉൾപ്പെടുത്തിട്ടുള്ളതിനാൽ വിശപ്പ് തോന്നുകയുമില്ല.
എന്നാൽ, അന്നജം പൂർണമായി ഒഴിവാക്കുന്നതിനാൽ, മിക്കവർക്കും ഈ ഡയറ്റുമായി ചേർന്നുപോകാൻ പ്രയാസമായിരിക്കും.
പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കൽ ഹൃദയത്തെ ദോഷകരമായി ബാധിക്കും. കൂടാതെ വൃക്കകൾക്ക് അമിത സമ്മർദ്ദം വരാനും സാദ്ധ്യതയുണ്ട്.
3 ഡിറ്റോക്സ് ഡയറ്റ്
വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുകയാണ് ഈ ഡയറ്റിന്റെ ലക്ഷ്യം. പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കൾക്കാണ് പ്രാധാന്യം നൽകുന്നത്. പഴങ്ങളും പഴച്ചാറുകളും പച്ചക്കറികളുമാണ് ഈ ഡയറ്റിന്റെ പ്രത്യേകത. കൂടാതെ ധാരാളം വെള്ളവും കുടിക്കണം.
ഭക്ഷ്യവസ്തുക്കളിൽ ധാതുലവണങ്ങൾ ധാരാളമുള്ളതിനാൽ രോഗപ്രതിരോധശക്തി ഒരു പരിധിവരെ വർദ്ധിപ്പിക്കും. വണ്ണം കുറയ്ക്കുന്നതോടൊപ്പം ക്ഷീണം, തലവേദന ഇവയ്ക്കെല്ലാം ആശ്വാസം നൽകുകയും ചെയ്യും. ശരീരത്തിന് ആവശ്യമുള്ള ഊർജ്ജം ശരിയായി ലഭിക്കാത്തതിനാൽ ഈ ഡയറ്റ് ചെയ്യുമ്പോൾ ശാരീരികാദ്ധ്വാനം കുറയ്ക്കണം. ഇത് തുടർച്ചയായ ഉപയോഗത്തിന് അനുയോജ്യമല്ല. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവർക്കും ഉപയോഗപ്രദമല്ല. പ്രമേഹ രോഗികളിൽ ഇതു പെട്ടെന്ന് ഷുഗർ കൂട്ടാനും കുറയ്ക്കാനും സാദ്ധ്യതയുണ്ട്.
4 സെവൻ ഡേ ഡയറ്റ്
ഏഴു ദിവസം നീണ്ടുനിൽക്കുന്ന രീതിയാണിത്. ഓരോ ദിവസവും ചിട്ടപ്പെടുത്തിയ ഭക്ഷണമേ കഴിക്കാവൂ. ദിവസേന പത്ത് ഗ്ളാസ് വെള്ളം നിർബന്ധമായും കുടിക്കണം.
ആദ്യദിവസം നേന്ത്രപ്പഴം ഒഴികെ എല്ലാ പഴങ്ങളും ഉപയോഗിക്കാം. വെള്ളം ധാരാളമടങ്ങിയ പഴങ്ങളായ തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവ കൂടുതലാകാം.
രണ്ടാംദിവസം പച്ചക്കറികൾ മാത്രം സലാഡായിട്ടും വേവിച്ചും ഉപയോഗിക്കാം. നിശ്ചിത അളവില്ല. വയറു നിറയും വിധം കഴിക്കാം. അന്നജം ലഭിക്കാൻ കിഴങ്ങുവർഗങ്ങളും ഉപയോഗിക്കാം.
മൂന്നാം ദിവസം പഴങ്ങളും പച്ചക്കറികളും ഒന്നിച്ച് ഉൾപ്പെടുത്തുക (നേന്ത്രപ്പഴവും ഉരുളക്കിഴങ്ങും ഒഴികെ) പ്രത്യേക അളവില്ല.
നാലാം ദിവസം നേന്ത്രപ്പഴവും പാലും മതി. ഏകദേശം എട്ടു പഴവും മൂന്ന് ഗ്ളാസ് പാലും ഉപയോഗിക്കാം. ഇടയ്ക്ക് പച്ചക്കറി സൂപ്പും കുറഞ്ഞ അളവിൽ കഴിക്കാം.
അഞ്ചാംദിവസം ബീഫ്, ചിക്കൻ, മീൻ തുടങ്ങിയവയും തക്കാളിയും മാത്രം കുറഞ്ഞ അളവിൽ ഉപയോഗിക്കാം. വെള്ളത്തിന്റെ അളവ് 12 ഗ്ലാസ് വരെ ആകാം.
ആറാം ദിവസം ഇഷ്ടാനുസരണം ചിക്കൻ, മീൻ, ബീഫ്, തക്കാളി, മറ്റു പച്ചക്കറികൾ തുടങ്ങിയവ കഴിക്കാം. വെള്ളം ധാരാളം വേണം.
ഏഴാം ദിവസം ചമ്പാവരിചോറ്, പച്ചക്കറികൾ, പഴച്ചാറുകൾ, മറ്റു പച്ചക്കറികൾ എന്നിവ ധാരാളം ഉപയോഗിക്കാം.
കുറച്ചുനാളുകൾ മാത്രം ഉപയോഗിക്കാൻ ഈ രീതി നല്ലതാണ്. ഇതിലെ ഭക്ഷ്യവസ്തുക്കൾ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കി കഴിക്കാം. മറ്റു ഡയറ്റുകളെ അപേക്ഷിച്ച് ഇവയുടെ മൊത്തവില കുറവാണ്.
ഇതിൽ പല ഭക്ഷണങ്ങളും കർശനമായി നിരോധിക്കണം. തന്നെയുമല്ല, ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഗുണങ്ങളും ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നില്ല എന്നതാണ് ദോഷങ്ങൾ.
5 മെഡിറ്ററേനിയൻ ഡയറ്റ്
ഇതിൽ കൊഴുപ്പ്, ഒരു ദിവസത്തെ മൊത്തം കലോറിയുടെ 25- 35 ശതമാനം മാത്രം മതി. അതിൽ പൂരിത കൊഴുപ്പ് (മൃഗക്കൊഴുപ്പുകൾ, തേങ്ങ, വെളിച്ചെണ്ണ) എട്ട് ശതമാനത്തിൽ താഴെയേ ഉപയോഗിക്കാവൂ. പച്ചക്കറികൾക്കും പഴങ്ങൾക്കുമാണ് മുൻതൂക്കം. പാചകത്തിന് ഒലിവെണ്ണ മാത്രം ഉപയോഗിക്കാം. ചുവന്ന മാംസം വളരെ ചുരുക്കി മാത്രം ഉപയോഗിക്കുക. മത്സ്യം, കോഴിയിറച്ചി എന്നിവ മിതമായി കഴിക്കാം. ബീൻസ്, നട്സ്, അന്നജം അടങ്ങിയ ഭക്ഷണങ്ങൾ (ഗോതമ്പ് ഉത്പന്നങ്ങളായ തവിടുമാറ്റാത്ത ബ്രെഡ്) കൂടുതൽ ഉപയോഗിക്കാം.
മുട്ട ഒരാഴ്ച നാലെണ്ണം വീതം കഴിക്കാവുന്നതാണ്.
ഈ ഡയറ്റ് ആയുസ് കൂട്ടും. പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹ്രദോഗം എന്നിവയെ തടയും. പ്രമേഹം, കൊളസ്ട്രോൾ എന്നിവ വന്നാലും നിയന്ത്രിക്കാൻ സഹായിക്കും. ഈ ഡയറ്റിന് ദോഷങ്ങളുമില്ല.