cow

കോഴിക്കോട്: നഗരത്തിൽ കന്നുകാലി ശല്യം വീണ്ടും രൂക്ഷമാകുന്നു. കൂട്ടത്തോടെ കന്നു കാലികൾ അലയാൻ തുടങ്ങിയതോടെ കാൽനടയാത്രക്കാരും വാഹനയാത്രികരും ഒരുപോലെ പ്രയാസത്തിലായി. രാപ്പകൽ ഭേദമില്ലാതെയാണ് കന്നുകാലികൾ കൂട്ടമായി വിഹരിക്കുന്നത്. പശു,പോത്ത് തുടങ്ങിയവ റോഡിലൂടെ കൂട്ടമായി എത്തുന്നതോടെ പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകുന്നു.

പുതിയ ബസ് സ്റ്റാൻഡ്, പാളയം, കല്ലായി, ബീച്ച്, കോർപ്പറേഷൻ ഓഫീസ് തുടങ്ങിയ ഭാഗങ്ങളിലാണ് കന്നുകാലികൾ കൂടുതലായി അലയുന്നത്. പഴം പച്ചക്കറി മാലിന്യങ്ങളും റോഡുവക്കിലെ പുല്ലുകളും ആഹാരമാക്കിയാണ് ഇവ കഴിയുന്നത്. അറവു ശാലകളിലേക്ക് കൊണ്ട് വരുന്ന കന്നുകാലികളാണ് ഇത്തരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് കോർപ്പറേഷൻ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ച് ലേലം ചെയ്തിരുന്നു. എന്നാൽ കൊവിഡ് കാരണം ഇപ്പോൾ നടപടികൾ നിർത്തിവച്ച സാഹചര്യത്തിൽ ഇവയുടെ എണ്ണവും വർദ്ധിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് കന്നുകാലികളെ പിടികൂടേണ്ടത്. അന്വേഷിച്ച് വന്നാൽ ഉടമകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. ഉടമകൾ അന്വേഷിച്ച് വന്നില്ലെങ്കിൽ ലേലം ചെയ്യുകയാണ് പതിവ്. അഴിച്ചു വിടുന്ന കന്നുകാലികളുടെ ഉടമകൾക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കന്നുകാലി ശല്യത്തിന് പുറമെ തെരുവുനായ ശല്യവും നഗരത്തിൽ രൂക്ഷമാണ്.