vinodh-kannapuram

കണ്ണൂർ: കൊവിഡ് കാലത്ത് മറ്റെല്ലാ വരുമാനവും നിലച്ചപ്പോൾ കണ്ണപുരത്തെ വിനോദിന് താങ്ങായത് ഒരു കൂട്ടം നായകളാണ്. കുലത്തൊഴിൽ സ്വർണ്ണ പണിയാണെങ്കിലും ഇന്ന് അതിലേറെ വരുമാനവും ഉല്ലാസവും നൽകുന്നുണ്ട് ഈ മിണ്ടാപ്രാണികൾ. ​20 വർഷം മുമ്പ് നേരമ്പോക്കിനായി തുടങ്ങിയതാണ് നായ വളർത്തൽ. കണ്ണപുരം പാലത്തിന് സമീപം പെറ്റ്സ് പാർക്ക് എന്ന നായകളുടെ ലോകം ആരെയും ആകർഷിക്കും. കേരളത്തിൽ അപൂർവ്വമായി വളർത്തുന്ന ടിബറ്റൻ സ്പാൻ എന്ന ഇനത്തിലുള്ള നായുടെ കുട്ടിയെ തേടി ഡൽഹിയിൽനിന്ന് പോലും വിളി എത്തിയിരുന്നു. വിമാന മാർഗമാണ് വിനോദ് ഇതിന്റെ കുട്ടിയെ ഡൽഹിയിൽ എത്തിച്ച് കൊടുത്തത്.

ഷിവോവ, ഡാഷന്റ്, പഗ്ഗ്, പൊമറേനിയൻ തുടങ്ങി നിരവധി ഇനം നായകൾ വിനോദിന്റെ പെറ്റ്സ് പാർക്കിലെ ശേഖരത്തിലുണ്ട്. നേരത്തെ വീട്ടിൽ ആയിരുന്നു നായ്ക്കളുടെ പരിചരണവും വിൽപ്പനയുമൊക്കെ നടന്നിരുന്നത്. കണ്ണപുരം പാലത്തിന് സമീപത്തേക്ക് മാറ്റി ഒന്നര വർഷം മാത്രമെ ആയുള്ളു. കൊവിഡ് കാലം ഓമന മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും നല്ലകാലമാണ് സമ്മാനിച്ചതെന്ന് സ്വന്തം അനുഭവത്തിൽ വിനോദ് സാക്ഷ്യപ്പെടുത്തുന്നു.

ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന വിലയേക്കാൾ പതിന്മടങ്ങാണ് ഇപ്പോഴുള്ളത്. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ആവശ്യത്തിന് നായക്കുഞ്ഞുങ്ങളെ നൽകാൻ കഴിയാത്ത പ്രയാസം മാത്രമെ ഉള്ളൂവെന്നാണ് വിനോദ് പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് നായ്ക്കളുടെ ബ്രീഡിംഗ് കൃത്യമായി നടത്താൻ കഴിയാത്തതും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇവയുടെ കുട്ടികളെ കൊണ്ടുവരാൻ സാധിക്കാത്തതുമാണ് വില കൂടാൻ ഇടയാക്കിയത്. വീട്ടുകാർ കുടുംബത്തോടെ വീട് മാറിനിൽക്കുമ്പോൾ വളർത്തുനായ്ക്കളെ, ഉടമ പറയുന്ന ഭക്ഷണം നൽകി സംരക്ഷിക്കാനുള്ള സൗകര്യവും വിനോദിന്റെ പെറ്റ്സ് പാർക്കിലുണ്ട്.