swich-on-karmmam

നടപടി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന്

കല്ലമ്പലം: വൈദ്യുതി ഇല്ലാതെ പഠനം അനിശ്ചിതത്വത്തിലായ അഞ്ചാം ക്ലാസുകാരൻ കൊച്ചനിയന്റെ വീട്ടിൽ വൈദ്യുതിയെത്തി. മണമ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് മടവിളാകം വീട്ടിൽ ചെല്ലപ്പന്റെ (64) വീട്ടിലാണ് ബി. സത്യൻ എം.എൽ.എ ഇടപെട്ട് വൈദ്യുതിയെത്തിച്ചത്. ചെല്ലപ്പന്റെ മകനാണ് കൊച്ചനിയൻ. ഓൺലൈൻ പഠനത്തിനായി കുട്ടിക്ക് ടിവിയും ലഭ്യമാക്കി. ചെല്ലപ്പനും ഭാര്യ സിന്ധുവും മകനുമാണ് സ്വന്തമായി വീടില്ലാതെ ചോർന്ന് ഒലിക്കുന്ന ടാർപ്പോളിൻ കൊണ്ട് കെട്ടിയ കുടിലിൽ വെളിച്ചമില്ലാതെ കഴിഞ്ഞിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനും കൊച്ചനിയന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രദേശത്തെ പാർട്ടി പ്രവർത്തകരിലൂടെയും മാദ്ധ്യമങ്ങളിലൂടെയും വിവരം അറിഞ്ഞ എം.എൽ.എ ആറ്റിങ്ങൽ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ്‌ എൻജിനിയർ ബിജുവിനെ ബന്ധപ്പെടുകയും വക്കം സെക്ഷൻ ജീവനക്കാർ വഴി വൈദ്യുതി കണക്ഷൻ നൽകാൻ വേണ്ട നടപടി സ്വീകരിക്കുകയുമായിരുന്നു. ഇതിന്റെ ചെലവിന്റെ ഒരു വിഹിതം ആറ്റിങ്ങൽ കെ.എസ്.ഇ.ബി സെക്ഷനിലെ സി.ഐ.ടി.യു യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ദിലിപ്കുമാർ തന്റെ മകളുടെ വിവാഹ ചടങ്ങിനുള്ള തുകയിൽ നിന്ന് നൽകുകയുണ്ടായി. സി.പി.ഐ.എം മണമ്പൂർ ലോക്കൽ കമ്മിറ്റിയാണ് ടിവി നൽകിയത്. സ്വിച്ച് ഓൺ കർമ്മവും ടിവി കൈമാറലും എം.എൽ.എ നിർവഹിച്ചു. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ്‌ എൻജിനിയർ ആർ.ആർ ബിജു, വക്കം എ.ഇ അഞ്ചു, ആറ്റിങ്ങൽ സെക്ഷനിലെ അജിത് സേനൻ, ദിലിപ് കുമാർ, ബിനു, സഹകരണ ബാങ്ക് പ്രസിഡന്റ് എ. നഹാസ്, വി. സുധീർ, റിയാസ്, ഗോപാലകൃഷ്ണൻ, മുരളി, ഷൈലേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.