
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജാഗ്രത ശക്തമായി തുടരുമ്പോൾ ബാറുകൾ തുറക്കുന്നത് ഉചിതമല്ലെന്നും കൊവിഡ് ഭീതി അകലുന്ന സാഹചര്യമുണ്ടാകുമ്പോൾ പുനരാലോചിക്കാമെന്നും യോഗം വിലയിരുത്തി. ബാറുകളിലെ പാഴ്സൽ വില്പന തുടരും.
പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിൽ ഇവിടെയും അനുവദിക്കണമെന്ന് കാണിച്ച്
എക്‌സൈസ് കമ്മിഷണർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, എക്‌സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ, ബിവ് റേജസ് കോർപറേഷൻ എം.ഡി ജി.സ്പർജൻകുമാർ, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡേ തുടങ്ങിയവർ പങ്കെടുത്തു.