
മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പണി കഴിപ്പിച്ച പൊതുശ്മശാനമായ ആത്മനിദ്രാലയത്തിന് ചുക്കാൻ പിടിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ഭാസുരാംഗനെയും എരുത്താവൂർ ചന്ദ്രനെയും ഇന്നലെ നടന്ന ഉദ്ഘാടനത്തിന് ക്ഷണിക്കാതെ തഴഞ്ഞതിൽ പാർട്ടി പ്രവർത്തകരിൽ വൻ പ്രതിഷേധത്തിന് ഇടയായി.
മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എരുത്താവൂർ ചന്ദ്രൻ 2004 ലാണ് മലവിള കുക്കിരി പാറയ്ക്ക് സമീപത്ത് ഒരേക്കർ 6സെന്റ് സ്ഥലം 4,07,550 രൂപയ്ക്ക് ശ്മശാനത്തിന് വാങ്ങിയത്. ഭൂമിയെ സംബന്ധിച്ച് ആ ഭരണസമിതിയുടെ കാലാവധി കഴിയും വരെ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. ശ്മശാനത്തിന് ഭൂമി അനുയോജ്യമല്ല, വഴിയില്ല എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ. മൃതദേഹങ്ങൾ വിറക് ഉപയോഗിച്ച് സംസ്കരിക്കുന്ന ശ്മശാനമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2015 ൽ എൻ. ഭാസുരാംഗൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് 75 ലക്ഷം രൂപ വിനിയോഗിച്ച് ശാന്തികവാടം മാതൃകയിലുള്ള 'ആത്മനിദ്രാലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആധുനിക രീതിയിലുള്ള വൈദ്യുത ശ്മശാനത്തിന്റെ ശിലാസ്ഥാപനം 2015 സെപ്‌തംബറിലാണ് നടന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളെയെല്ലാം ശ്മശാന ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്നാണ് ആക്ഷേപം. ശ്മശാന ഉദ് ഘാടനത്തിന് ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്നും ഉറ്റവർ മരിക്കുമ്പോൾ സംസ്കരിക്കാൻ ഇടമില്ലാതെ വീടിന്റെ അടുക്കളയിലും മുറിക്കുള്ളിലും മറവ് ചെയ്യുന്നതിന് പരിഹരമായെന്നും എൻ. ഭാസുരാംഗൻ പറഞ്ഞു.