
തിരുവനന്തപുരം: വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് ആരോഗ്യ വകുപ്പ് പ്രതിനിധിയായി ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ നാമനിർദ്ദേശം ചെയ്തത് വിവാദമായി. മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സസ്പെൻഷനുശേഷം ആരോഗ്യവകുപ്പിൽ കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെയും സി.എഫ്.എൽ.ടി.സികളുടെയും ചുമതല നൽകിയാണ് തിരിച്ചെടുത്തത്. അങ്ങനെയുള്ള ഒരാളെ ഇതിനായി നിയോഗിക്കുന്നതാണ് വാവാദമായത്. വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരായ നടപടിക്ക് പൊലീസിന് കൈമാറുക, വാർത്തകൾ തെറ്റാണെങ്കിൽ സത്യാവസ്ഥ മറ്റു വകുപ്പുകളിൽ നിന്ന് ശേഖരിച്ച് ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ദൗത്യം.
പി.ആർ.ഡി സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ പൊലീസ്, ഐ.ടി, ആരോഗ്യം,റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സൈബർ സെക്യൂരിറ്റി, ഫാക്ട് ചെക്കിംഗ് വിദഗ്ധർ, സൈബർ ഡോം, ഫോറൻസിക് വിഭാഗങ്ങളിൽ നിന്നുള്ളവർ, സിഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളാണ്.
''മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോൾ എന്ത് വ്യാജവാർത്ത കണ്ടെത്താനാണ് ഈ നിയമനം. മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഒരാളെ വ്യാജവാർത്ത കണ്ടെത്താൻ നിയോഗിക്കുന്നത് തെറ്റായ നടപടിയാണ്. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന ഇടതു സർക്കാർ നയത്തിന്റെ പ്രകടമായ ഉദാഹരണമാണിത്.
രമേശ് ചെന്നിത്തല,
പ്രതിപക്ഷ നേതാവ്