bus-

ജനങ്ങളുടെ സകലമാന പ്രശ്നങ്ങൾക്കും സർക്കാർ പരിഹാരം കാണും എന്ന് വിചാരിക്കുന്നത് സാധാരണക്കാരന്റെ വ്യാമോഹം മാത്രമാണ്. എന്നാൽ ഇത് വ്യാമോഹമാണെന്ന് ഒരു സർക്കാരും സമ്മതിച്ചുതരില്ല. എല്ലാം പരിഹരിക്കാം എന്ന് ആവർത്തിച്ച് അവർ വാഗ്ദാനം നൽകിക്കൊണ്ടിരിക്കും. അങ്ങനെ പല പ്രശ്നങ്ങളും ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമായി തുടരും .

ഈ 'വ്യാമോഹ"ത്തിൽ നിന്ന് കണ്ണൂർ ജില്ലയിലെ പാട്യത്തുകാർ ഒന്ന് മാറി സഞ്ചരിച്ചു. അതോടെ അവർ അനുഭവിച്ചിരുന്ന ഒരു വലിയ പ്രശ്നം ഞൊടിയിടയിൽ പരിഹരിക്കുകയും ചെയ്തു. 2500 രൂപ വീതം പിരിവിട്ട് ആയിരത്തോളം വരുന്ന നാട്ടുകാർ ഒരു ബസ് വാങ്ങിയതാണ് പുതിയ വിശേഷം. ഇന്നലെ കേരളകൗമുദിയിൽ ഇതിന്റെ വിശദമായ വാർത്ത നൽകിയിരുന്നു. പാട്യം കൊങ്ങാറ്റ പ്രദേശത്തുള്ളവർ കഴിഞ്ഞ പത്ത് വർഷമായി യാത്രാക്ളേശം അനുഭവിക്കുകയായിരുന്നു. രണ്ട് കിലോമീറ്റർ നടന്ന് പത്തായക്കുന്ന് വന്നാലേ ബസ് കിട്ടൂ. കുട്ടികളും വനിതകളും വൃദ്ധജനങ്ങളും അനുഭവിച്ച കഷ്ടപ്പാടിന് കണക്കില്ല. പലപ്പോഴും അമ്പതും അറുപതും രൂപ ഓട്ടോറിക്ഷയ്ക്ക് ഒരു വശത്തേക്ക് നൽകിയാണ് നടക്കാൻ വയ്യാത്തവർ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നത്. അതും ഇങ്ങോട്ട് ഒരു ഓട്ടോ സവാരിക്ക് വന്നാലേ തിരിച്ചതിൽ പോകാൻ കഴിയൂ. പത്ത് വർഷം മുമ്പ് ഒരു ട്രാൻസ്പോർട്ട് ബസ് ഇതുവഴി ഓടിയിരുന്നു. നേരത്തേ അടിയ്ക്കടി രാഷ്ട്രീയ സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലമായിരുന്നു ഇത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു കൊലപാതകവും ഇവിടെ നടന്നു. അതോടെ സർക്കാർ ബസ് സർവീസ് നിന്നു. ഒരു പുഴയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് ഒരുകാലത്ത് ജനങ്ങൾ ഇവിടെ പരസ്പരം വധഭീഷണി മുഴക്കി ആക്രോശിച്ചിരുന്നു. ഇടയ്ക്കിടെ നാടൻ ബോംബുകൾ പൊട്ടുന്നത് കാരണം ഇവിടെ ഒരു സ്ഥലത്തിന് നാട്ടുകാർ 'പൊക്രാൻ" എന്ന ഇരട്ടപ്പേരു പോലും നൽകിയിരുന്നു. അങ്ങനെയുള്ള ഒരു സ്ഥലത്താണ് രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒരുമിച്ച് ഇങ്ങനെ ഒരു സംരംഭം തുടങ്ങിയിരിക്കുന്നത്. ഈ കൂട്ടായ്മയാണ് ഏറ്റവും അഭിമാനിക്കപ്പെടേണ്ടത്. പാട്യം ജനകീയം എന്ന ബസ് ഇവിടെ സമാധാനത്തിന്റെ മറ്റൊരു സന്ദേശം കൂടിയാവുകയാണ്.

26 ലക്ഷം രൂപയാണ് നാട്ടുകാർ പിരിച്ചത്. 16 ലക്ഷം നൽകി അശോക് ലൈലാന്റിന്റെ പുതിയ ചേസിസ് വാങ്ങി. മദ്രാസിലെ കമ്പനിയിൽ 8 ലക്ഷം നൽകി ബോഡി നിർമ്മിച്ചു. സർവീസ് തുടങ്ങാൻ ആർ.ടി.ഒയെ സമീപിച്ചപ്പോൾ ചില പ്രൈവറ്റ് ബസുകാർ തടസവുമായി രംഗത്തുവന്നു. അതിനാൽ അനുമതി നൽകുന്നത് ആർ.ടി.ഒ മൂന്ന് മാസത്തേക്ക് മാറ്റിവച്ചു. ഇതിനെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. 2025 വരെ പെർമിറ്റ് നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഒരു ദിവസം 5 സർവീസ് നടത്തും. പാട്യത്തു നിന്ന് പത്തായക്കുന്നു വഴി തലശേരിയിലേക്കാണ് സർവീസ്. ഡ്രൈവറും കണ്ടക്ടറും കിളിയും ഉൾപ്പെടെ മൂന്ന് ജീവനക്കാരാണ് ഇപ്പോൾ ഉള്ളത്. ഇത് വിജയിക്കുമോ എന്ന് സംശയിക്കുന്നവർ ഉണ്ടാകും. അവർ സംശയിച്ചുകൊണ്ടേയിരിക്കട്ടെ. യഥാർത്ഥത്തിൽ ഇതുപോലുള്ള സംരംഭങ്ങളാണ് കേരളത്തിലെ ഉൾനാടൻ പ്രദേശത്തിലെ യാത്രാക്ളേശം പരിഹരിക്കാൻ വേണ്ടത്. ഇങ്ങനെ മുന്നോട്ട് വരുന്നവർക്ക് പഴയ ട്രാൻസ്‌പോർട്ട് ബസുകൾ വിൽക്കാൻ കെ.എസ്.ആർ.ടി.സി തയാറാകണം. നിലവിലുള്ള നിയമം അനുവദിക്കുന്നില്ലെങ്കിൽ അതിനുവേണ്ടി നിയമം മാറ്റണം. മനുഷ്യരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാനാണ് നിയമങ്ങൾ. അല്ലാതെ അവരെ ബുദ്ധിമുട്ടിപ്പിക്കാൻ ഉള്ളതല്ല.

പാട്യത്ത് മൂന്ന് വാർഡിലുള്ള ജനങ്ങൾ ചേർന്നാണ് ബസ് വാങ്ങിയത്. ഇതിൽ രണ്ട് വാർഡുകളിൽ സി.പി.എമ്മിന്റെയും ഒരു വാർഡിൽ ബി.ജെ.പിയുടെയും കൗൺസിലർമാരാണ് ഉള്ളത്. ഭിന്ന രാഷ്ട്രീയ കക്ഷികളുള്ളവർ ഒരുമിച്ചാൽ ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ വേഗം പരിഹരിക്കപ്പെടുമെന്നതിന് ദൃഷ്ടാന്തം കൂടിയാണിത്.

നടൻ ശ്രീനിവാസന്റെ നാടാണ് പാട്യം. വരവേല്പ് എന്ന സിനിമ ഇനിയും നമ്മൾ മറന്നിട്ടില്ല. ശ്രീനിവാസന്റെ അച്ഛൻ ഇങ്ങനെ ഒരു ബസ് സർവീസ് നടത്തി പൊളിഞ്ഞ ആളാണ്. നടക്കാത്ത സ്വപ്നങ്ങളിൽ പോലും ശ്രീനിവാസൻ വിചാരിച്ച് കാണില്ല, ഇങ്ങനെ ഒരു ജനകീയ ബസ് 30 വർഷത്തിന് ശേഷം പാട്യത്ത് ഓടുമെന്ന്. എന്തായാലും ഈ നല്ല സംരംഭത്തെ നമുക്ക് ഒരുമിച്ച് വരവേൽക്കാം.