road

ആ​റ്റിങ്ങൽ: ആറ്റിങ്ങലിലെ ദേശീയപാത പുതുവർഷ സമ്മാനമായി സമർപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികൾ. ആ​റ്റിങ്ങൽ മൂന്നുമുക്ക് മുതൽ പൂവൻപാറവരെയുള്ള രണ്ടര കിലോമീ​റ്റർ നീളമുള്ള ദേശീയപാത വികസനത്തിന്റെ നടപടികൾ വിലയിരുത്താൻ നഗരസഭാ ചെയർമാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് മൂന്നു മാസം കൊണ്ട് പണി പൂർത്തിയാക്കി സമർപ്പിക്കുമെന്ന് അറിയിച്ചത്. ആതിന്റെ അടിസ്ഥാനത്തിൽ തകൃതിയായി പണി നടന്നുവരുമ്പോഴാണ് കൊവിഡ് വില്ലനായത്. കൂടാതെ വകുപ്പു മന്ത്രി റോഡ് കുഴിച്ചുള്ള പണികളെക്കുറിച്ച് വിമർശനവുമായി രംഗത്തു വന്നതോടെ ആവേശം കെട്ടടങ്ങി. പണികൾ ഇഴഞ്ഞു നീങ്ങുകയാണെന്നും പണിയുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഫെബ്രുവരി 5നാണ് പണികൾ ആരംഭിച്ചത്. മൂന്നു മാസം കൊണ്ട് പണി പൂർത്തിയാക്കുമെന്ന വാഗ്‌ദാനത്തോടെയായിരുന്നു ആരംഭം. ഓണക്കാലത്ത് വ്യാപാരികൾ റോഡുപണി നിറുത്തി ഗതാഗതം സുഗമമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെ പണി പൂർണമായും നിറുത്തി വയ്ക്കേണ്ടിവന്നു.

നിർമ്മാണം തകൃതി

രണ്ടാഴ്ച മുൻപാണ് പണികൾ വീണ്ടും പുനരാരംഭിച്ചത്. ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനവും മദ്ധ്യഭാഗത്ത് ഡിവൈഡറോടും കൂടി പതിനാറ് മീ​റ്റർ വീതിയിലുമാണ് റോഡ് പുനർനിർമ്മിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലും സ്ഥാപിക്കുന്ന ഡ്രെയിനേജ് സംവിധാനവും സ്ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ഏകദേശം പൂർത്തിയായി. കരാറുകാരായ റിവയ്‌വ് കമ്പനിയുടെ കിളിമാനൂരിലുള്ള യാർഡിലാണ് സ്ലാബുകളും ഡിവൈഡറുകളും നിർമ്മിച്ച് എത്തിച്ചത്.

റോഡ് നിർമ്മാണം ഇങ്ങനെ

ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനവും മദ്ധ്യഭാഗത്ത് ഡിവൈഡറും

ഇവയുടെ നിർമ്മാണം കരാറു കമ്പനിയുടെ കിളിമാനൂരിലുള്ള യാർഡിൽ നിർമ്മിച്ച് എത്തിച്ചു

പതിനാറ് മീ​റ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്

ഭൂരിഭാഗം നിർമ്മിതികളും സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്ന രീതിയാണ് അവലംബിക്കുന്നത്

നാലുവരിപ്പാത

പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള 2.5 കിലോമീറ്റർ ഭാഗമാണ് നാലുവരിയായി വികസിപ്പിക്കുന്നത്

കച്ചേരി ജംഗ്ഷനിൽ പോസ്റ്റ് ഓഫീസ് ഭൂമി കിട്ടിയില്ലെങ്കിൽ നടപ്പാത നിർമ്മാണവും ജംഗ്ഷൻ വികസനവും പ്രശ്നത്തിലാകും

റോഡ് നിർമ്മിക്കുന്നത് – 13.8 മീറ്റർ വീതിയിൽ

ടാറിംഗ് ഏരിയയോടുകൂടി 16 മീറ്റർ വീതിയിൽ

ആറ്റിങ്ങലിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്നോണം നാട്ടുകാരുടെ സഹകരണത്തോടെ നടക്കുന്ന നാലുവരി പാത വികസനം സമയബന്ധിതമായി പൂർത്തിയാക്കും. പുതുവർഷ സമ്മാനമായി ഇത് ജനങ്ങൾക്കു സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പണികൾ നടക്കുന്നത്.

-ബി.സത്യൻ എം.എൽ.എ

രണ്ടു മാസത്തിനകം പണികൾ പൂർത്തിയാക്കാനാണ് നീക്കം. ആറ്റിങ്ങലിന്റെ പുരോഗതിക്ക് റോഡ് വികസനം അനിവാര്യാമാണെന്ന ബോധം ചിലർക്കെങ്കിലും ഇല്ലാതെ പോകുന്നത് ശരിയല്ല.രാഷ്ട്രീയ നോട്ടത്തിനുപരി നാടിന്റെ നന്മയാണ് കാണേണ്ടത്.

-എം.പ്രദീപ്, ചെയർമാൻ,​ ആറ്റിങ്ങൽ നഗരസഭ