udf

തിരുവനന്തപുരം: കൊവിഡ് കാരണം സർക്കാരിനെതിരെ നിറുത്തിവച്ചിരുന്ന പ്രത്യക്ഷ സമരങ്ങൾ യു.ഡി.എഫ് പുനരാരംഭിച്ചു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അഞ്ചുപേർ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് 'ഫ്ളാഷ് ' മാർച്ച് നടത്തിയിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് തുടങ്ങിയത്.

യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവരാണ് മാർച്ചിൽ പങ്കെടുത്തത്. എം.എൽ.എമാരായ വി.എസ്. ശിവകുമാറും,​ എം. വിൻസന്റും ഉണ്ടായിരുന്നെങ്കിലും കൊവിഡ് നിയന്ത്രണമുള്ളതിനാൽ മാർച്ചിൽ പങ്കെടുത്തില്ല.

സർക്കാരിനെതിരായ പ്രത്യക്ഷ സമരത്തിൽ നിന്ന് താത്കാലികമായി പിൻവാങ്ങാനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫിനുള്ളിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിനെതിരെ വീണ്ടും സമരം തുടരുമെന്ന് യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റ ശേഷം എം.എം. ഹസൻ പ്രഖ്യാപിച്ചിരുന്നു. 12ന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ യു.ഡി.എഫ് പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.

 മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നുണബോംബ്: ചെന്നിത്തല

വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നുണബോംബുകൾ മാത്രം പറയാനുള്ളതായി അധപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയ്ക്ക് നിയമനം നൽകിയത് താൻ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.