01

പോത്തൻകോട് : ജില്ലയിലെ പ്രധാന സ്‌കൂളുകളിലൊന്നായ പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്‌കൂൾ ഹയർസെക്കൻഡറി ആയി ഉയർത്തണമെന്ന ആവശ്യം ശക്തമാവുന്നു. പഠനമികവിനൊപ്പം സ്‌പോർട്സ്, കലാ-സാമൂഹിക,സാഹിത്യ രംഗങ്ങളിൽ മികവുറ്റ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്കൂളാണിത്. കേരളത്തിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടപ്പിലാക്കിയതുമുതൽ പ്ലസ് ടൂ സ്‌കൂൾ അനുവദിക്കേണ്ട പ്രധാന സ്‌കൂളുകളുടെ പട്ടികയിൽ ഇടം നേടി 25 വർഷം പിന്നിട്ടിട്ടും സ്‌കൂളിൽ പ്ലസ് ടു അനുവദിച്ചില്ല. മാറിമാറി വന്ന സർക്കാരുകൾ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിനെ അവഗണിക്കുകയായിരുന്നു. സ്‌കൂളിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മണ്മറഞ്ഞ അപ്പുസാറിന്റെ കാലം തൊട്ടേ സ്‌കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഓരോ വർഷവും നൂറുശതമാനം വിജയം കരസ്ഥമാക്കുന്ന സ്‌കൂളിനോടാണ് ഈ അവഗണന.

ജില്ലയിലെ എ-ഗ്രേഡ് പഞ്ചായത്തുകളിൽ ഒന്നായ പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ ആകെ ഹയർസെക്കഡറി കോഴ്സുള്ളത് അയിരൂപ്പാറ സ്‌കൂളിലാണ്. അതാകട്ടെ രണ്ട് ബാച്ചുകളിലായി 100 സീറ്റ് മാത്രമാണുള്ളത്. ലക്ഷ്മി വിലാസം സ്‌കൂളിൽ നിന്ന് മാത്രം ഒാരോ വർഷവും ആയിരത്തോളം കുട്ടികളാണ് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.

അവഗണന തുടർക്കഥ

മാറിമാറി വന്ന സർക്കാരുകളുടെ അവഗണയിൽ സഹികെട്ട് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്‌കൂൾ അധികൃതർ ഹയർസെക്കൻഡറി കോഴ്സ് അനുവദിക്കുന്നതിലെ അനീതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ പരിഗണയിൽ സ്‌കൂളിനെ സംബന്ധിച്ചു വന്ന നാലോളം റിട്ട് ഹർജികളിൽ സ്‌കൂളിന് അനുകൂലമായ വിധികൾ വന്നിട്ടും ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കാൻ സർക്കാർ നടപടി കൈക്കൊള്ളാത്തത് ഏറെ പ്രതിഷേധാർഹമാണ്.

സാഹചര്യങ്ങളെല്ലാം അനുകൂലം പക്ഷേ...

ആധുനിക രീതിയിലുള്ള അന്തർദ്ദേശീയ കോർട്ടുകളും ഹോസ്റ്റലുകളും ഉൾപ്പെടെ മികവിന്റെ കേന്ദ്രമാണ് ലക്ഷ്മിവിലാസം സ്‌കൂൾ. അരനൂണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്‌നമായ ഹയർ സെക്കൻഡറി കോഴ്സ് എന്ന ആവശ്യത്തിൽ സർക്കാർ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

സ്കൂളിൽ പഠിക്കുന്നത് 3000 വിദ്യാർത്ഥികൾ

മണ്ഡലത്തിൽ മികച്ച വിജയം നേടുന്ന പോത്തൻകോട് ലക്ഷമി വിലാസം സ്കൂളിന് വളരെ നേരത്തെ തന്നെ ഹയർ സെക്കഡറി കോഴ്സിനു അനുമതി നൽകേണ്ടതായിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോഴ്സ് അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കും. -അടൂർ പ്രകാശ് എം.പി.

ക്യാപ്‌ഷൻ: പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ മാതൃക