
കോവളം: സർക്കാരും വിഴിഞ്ഞം തുറമുഖ കമ്പനിയും ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇടവക കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം നീളുന്നതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണം പത്തുദിവസമായി നിലച്ചിരിക്കുകയാണ്. കോട്ടപ്പുറം സിന്ധുയാത്ര മാതാ ദേവാലയം ഇടവക കൗൺസിലിലാണ് 18 ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനും അദാനി പോർട്ട് ട്രസ്റ്റിനും പരാതി നൽകിയത്. തുറമുഖ നിർമ്മാണ സ്ഥലത്തിന് സമീപം കരിമ്പള്ളിക്കരയിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. പോർട്ട് ഓപ്പറേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടന ദിനമായ കഴിഞ്ഞ 30നാണ് തുറമുഖ നിർമാണത്തിനാവശ്യമായ കരിങ്കൽ ലോറികളെ തടഞ്ഞുകൊണ്ട് പ്രതിഷേധ സമരത്തിന് തുടക്കമിട്ടത്. ചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ തുറമുഖത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം വീണ്ടും നീളുമെന്ന അവസ്ഥയിലാണ്. കൊവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും കാരണം പലപ്പോഴും നിർമ്മാണം തടസപ്പെട്ടെങ്കിലും സർക്കാർ നൽകിയ ഇളവുകളോടെയാണ് തുറമുഖ നിർമ്മാണം വീണ്ടും മുന്നോട്ടുപോയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പഠിച്ച് പരിഹരിക്കാൻ സർക്കാർ കമ്മിഷനെ വയ്ക്കാൻ തയ്യാറാകണമെന്നും കൗൺസിൽ ഭാരവാഹികൾ പറയുന്നു. പ്രതിഷേധ സമരം നീണ്ടതോടെ ഡ്രഡ്ജറുകളും ടഗ്ഗുകളുമടക്കം യന്ത്ര സാമഗ്രികളും നിശ്ചലമായിരിക്കുകയാണ്.
പുലിമുട്ട് നിർമ്മാണം വർദ്ധിക്കുന്നതിനനുസരിച്ച് ഇവിടെ തിരയുടെ തള്ളൽ ഉണ്ടാകുന്നു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തെ അംഗീകരിക്കാനാവില്ല. -ഇടവക കൗൺസിൽ
ആനുകൂല്യങ്ങൾ അപര്യാപ്തം
700 മീറ്ററോളം നിർമ്മാണം പൂർത്തിയാക്കിയ പുലിമുട്ട് മൂന്നു കിലോമീറ്റർ ദൂരം പിന്നിടുമ്പോൾ തിരയുടെ ശക്തമായ തള്ളൽ ഉണ്ടാവുന്നതായാണ് ഇവരുടെ പരാതി. കമ്പവലക്കാരായ മത്സ്യത്തൊഴിലാളികൾക്ക് അഞ്ചര ലക്ഷത്തോളം രൂപ സർക്കാർ നൽകിയെങ്കിലും കമ്പവല ഉപയോഗിക്കാൻ പാടില്ലെന്ന ഉടമ്പടി എഴുതി വാങ്ങി പറ്റിക്കുകയായിരുന്നുവെന്നും ഇടവക വികാരി ഫാദർ തോമസ് മൈക്കിൾ പറയുന്നു. ഇതുവരെ ലഭിച്ച ആനുകൂല്യങ്ങൾ നഷ്ടത്തിന്റെ ആഘാതത്തിന് ആനുപാതികം അല്ലെന്നുമാണ് ഇടവകയുടെ പരാതി.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. തുറമുഖത്തിന് വേണ്ടി വളരെയേറെ ത്യാഗങ്ങൾ സഹിച്ച മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നൽകിയ യാതൊരു ഉറപ്പുകളും പാലിക്കപ്പെടാത്തതാണ് അവർ സമരരംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതരായതെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.