
വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ പ്രവർത്തനം സംസ്ഥാനത്തിന് തന്നെ അഭിമാനകരമായ രീതിയിൽ വിജയിപ്പിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അറിയിച്ചു. പതിനേഴ് അംഗങ്ങൾ ഉൾപ്പെടുന്ന ഹരിതകർമ്മസേന എൺപതിനായിരം കിലോയിലധികം അജൈവ മാലിന്യം ശേഖരിച്ച് സംസ്കരണത്തിനായി കൈമാറി. മാലിന്യ നിർമ്മാർജനത്തോടൊപ്പം പതിനേഴ് കുടുംബങ്ങൾക്ക് ഒരു സ്ഥിര വരുമാനം നൽകാൻ സാധിച്ചു. പ്രതിമാസം ആറായിരം രൂപയാണ് അംഗങ്ങൾക്ക് വേതനം നൽകുന്നത്. ഇതോടൊപ്പം ഹരിതകർമ്മസേനയ്ക്ക് സ്ഥിരവരുമാനം ലഭിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ സബ്സിഡി നൽകി. പനയറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരാംഭിച്ച കോഫി ഹൗസും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ശുചിത്വപദവിക്ക് അർഹത നേടിയ പഞ്ചായത്തിൽ കിണർ റീ ചാർജിംഗ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ എല്ലാ വീടുകളിലും നടപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇതിനോടകം അഞ്ഞൂറോളം വീടുകളിൽ കിണർ റീചാർജിംഗ് സംവിധാനമൊരുക്കിയതായും പ്രസിഡന്റ് അറിയിച്ചു.