1

പൂവാർ: കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന വൈഷ്ണവിന് ഓൺലൈൻ ക്ലാസ്സുകൾ നേരിട്ട് കാണിക്കാൻ ജാസമേരി ടീച്ചറെത്തും. ജീവിതത്തോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് ജീവിതത്തിലേക്ക് കാൽവയ്ക്കുന്ന 10 വയസുകാരമാണ് വൈഷ്ണവ്. ജനിച്ച് എട്ടാം മാസം വൈഷ്ണവിന് സെറിബ്രൽ പാഴ്സി രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങി. തുടർന്ന് മെഡിക്കൽ കോളേജിൽ ദീർഷനാളത്തെ ചികിത്സ. ഡോക്ടറും പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം പിതാവ് വീട്ടിൽ വച്ചും ഫിസിയോ തെറാപ്പി നൽകി. പരിമിത സൗകര്യങ്ങളിൽ നടന്ന് പരിശീലിക്കാനുള്ള സൗകര്യവും വീട്ടിലൊരുക്കി. എങ്കിലും വൈഷ്ണവിന്റെ സ്കൂളിൽ പോണമെന്ന മോഹം യാഥാർത്ഥ്യമായില്ല. വീടിന് സമീപത്തെ സ്കൂളിൽ പ്രവേശനം നേടിയെങ്കിലും കൊവിഡ് അവിടെയും വില്ലനായെത്തി. വിദ്യാർത്ഥികളാകെ പഠനം ഓൺലൈനിലേക്ക് മാറ്റിയപ്പോൾ സമഗ്ര ശിക്ഷ കേരള നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സെൽവൻ കളിക്കോപ്പുകളും പഠനോപകരണങ്ങളുമായി വീട്ടിലെത്തി വൈഷ്ണവിന് പാഠങ്ങൾ പകർന്ന് നൽകും. കൈയിലുള്ള ടാബിന്റെ സ്ക്രീനിൽ ചിത്രങ്ങളും ശബ്ദവും മിന്നിമറയുമ്പോൾ വൈഷ്ണവിന് ആഹ്ളാദമാകും. ഓൺലൈൻ പഠനകാലം വൈഷ്ണവിന് അതിജീവനത്തിന്റെ കാലം കൂടിയാക്കി മാറ്റുകയാണ് അദ്ധ്യാപകർ. കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരള 'വൈറ്റ് ബോർഡ് ' എന്ന പേരിൽ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സിന് സമാനമായി ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ക്ലാസ് കാണുക എന്നത് വൈഷ്ണവിന് അപ്രാപ്യമായിരുന്നു. ഇത് പരിഹരിക്കാൻ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് 10 ക്ലസ്റ്റർ കേന്ദ്രങ്ങളിലും ബി.ആർ.സിയുടെ നേതൃത്വത്തിൽ ടാബ്‌ലെറ്റുകൾ ലഭ്യമാക്കി. യൂട്യൂബ് ചാനലിലെ ക്ലാസുകൾ ടാബ്‌ലെറ്റിലാക്കി വൈഷ്ണവ് ഉൾപ്പെടെ ഗൃഹാധിഷ്ടിത വിദ്യാഭ്യാസം തേടുന്ന കുട്ടികളുടെ വീട്ടിലെത്തി അതിജീവനത്തിന്റെ അസാധാരണ മാതൃക സൃഷ്ടിക്കുകയാണ് നെയ്യാറ്റിൻകര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ.