
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം ആദ്യപാദം സംസ്ഥാനത്തെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലായി. ഇവയുടെ പ്രകടനം വിലയിരുത്തുന്ന പബ്ലിക് സെക്ടർ റീസ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൽ ഓഡിറ്ര് ബോർഡിന്റെ (റിയാബ് ) റിപ്പോർട്ട് വെളിച്ചം കണ്ടില്ല.
സംസ്ഥാനസർക്കാരിന്റെ 40 സ്ഥാപനങ്ങളിൽ കെ.എം.എം.എൽ, ടി.സി.സി, കുണ്ടറ കേരള സെറാമിക്സ്, ടൈറ്റാനിയം , കെ.എസ്.ഐ.ഡി.സി തുടങ്ങി ആറോ ഏഴോ സ്ഥാപനങ്ങൾ മാത്രമേ ഇക്കൊല്ലം ലാഭത്തിലാകാൻ സാദ്ധ്യതയുള്ളൂ.
കഴിഞ്ഞ വർഷം 19 എണ്ണം ലാഭത്തിലായിരുന്നു. കൂടുതൽ സ്ഥാപനങ്ങൾ ഈ പട്ടികയിൽ വരുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായി ഇത്. കൊവിഡിന് മുന്നേ തന്നെ നഷ്ടക്കണക്ക് വന്നതോടെ ശേഷം അത് രൂക്ഷമാകുമെന്ന് ഉറപ്പാണ്.
വർഷം ലാഭത്തിലായ സ്ഥാപനങ്ങൾ, ആകെ ലാഭം
2015-16- 8, 131.6 കോടി
2016-17- 13, 70 കോടി
2017-18- 14, 248.27 കോടി
2018-19- 13, 258.29
ലാഭം കാണിക്കുന്നതും കൃത്രിമത്തിലൂടെ
പലപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കൂട്ടിക്കാണിക്കാനും നഷ്ടം മറയ്ക്കാനും കണക്കുകളിൽ കൃത്രിമം നടക്കാറുണ്ട്. ക്ലോസിംഗ് സ്റ്രോക്ക് കൂട്ടിക്കാണിക്കുക, റവന്യൂ ചെലവിനെ മൂലധന ചെലവാക്കുക, മാർച്ചിന് ശേഷം ഉള്ള ഡെലിവറി നേരത്തെയാക്കി കാണിക്കുക തുടങ്ങിയവയാണ് സാധാരണയായി ചെയ്യാറുള്ളത്.
ഉത്തരവാദിത്തം ഉന്നതർക്ക്
പൊതുമേഖലയെ ലാഭത്തിലാക്കണമെന്ന് സ്ഥിരമായി പറയുമ്പോഴും ഇഷ്ടക്കാരെ ഉന്നത പദവികളിൽ എത്തിക്കുന്നതിന് മാത്രമാണ് രാഷ്ട്രീയ നേതൃത്വം താല്പര്യം കാണിക്കുന്നത്. പ്ലാൻ ഫണ്ടുകൾ എല്ലാവർക്കുമായി വീതിച്ചു നൽകുകയാണ് പതിവ്. വർഷം ഒന്നോ രണ്ടോ സ്ഥാപനങ്ങൾക്ക് മാത്രം വലിയ ഫണ്ട് നൽകിയാൽ ഇവയ്ക്ക് പുതിയ പദ്ധതികൾ ആവിഷ്കരിക്കാനാകും.
ഏതെങ്കിലും സ്ഥാപനം വിപുലീകരണ പദ്ധതി തയ്യാറാക്കിയാൽ കൃത്യ സമയത്ത് പണം നൽകില്ല. മിക്കവാറും നാലിലൊന്നു പോലും അനുവദിക്കുകയുമില്ല. ഫണ്ട് മറ്റു ചെലവുകൾക്ക് വിനിയോഗിക്കപ്പെടും.
ഉടൻ പ്രസിദ്ധീകരിക്കും
ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള കണക്കുകൾ കിട്ടാത്തതുകൊണ്ടാണ് റിപ്പോർട്ട് വൈകുന്നത്. ഇത് ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ആകെയുള്ള 40 സ്ഥാപനങ്ങളിൽ 19 എണ്ണം വരെ ലാഭത്തിലായതാണ്. ഇത്തവണ പത്തിൽ താഴെ സ്ഥാപനങ്ങൾ മാത്രമേ ലാഭത്തിലായിട്ടുള്ളൂ. 26 എണ്ണമായിരുന്നു ലക്ഷ്യം.
എൻ.ശശിധരൻ നായർ, ചെയർമാൻ, റിയാബ്