
തിരുവനന്തപുരം: മുമ്പ് മലബാറിലെ രാഷ്ട്രീയ കൊലക്കേസുകളിൽ സി.പി.എം നേതാക്കളെ പ്രതിയാക്കിയപ്പോൾ സി.ബി..ഐയ്ക്കെതിരെ പാർട്ടി പ്രതിരോധമുയർത്തിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി..ഐ അന്വേഷണം തടയാൻ സർക്കാർ സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിലുമാണ്. അന്നൊന്നുമില്ലാത്ത വീറുംവാശിയുമാണ് ,ലൈഫ് കോഴക്കേസിലെ നേർക്കുനേർ ഏറ്റുമുട്ടലിൽ കാണുന്നത്.
ഹൈക്കോടതിയുടെ രണ്ട് തീരുമാനങ്ങളിലാണ് ലൈഫ് മിഷൻ കേസിലെ അന്വേഷണത്തിന്റെ ഇനിയുള്ള ഗതി. വടക്കാഞ്ചേരി പദ്ധതിക്ക് എമിറേറ്റ്സ് റെഡ്ക്രസന്റിൽ നിന്ന് ഇരുപതു കോടി സഹായം നേടിയതിൽ വിദേശസഹായ നിയന്ത്രണചട്ടം (എഫ്.സി.ആർ.എ) നിലനിൽക്കുമോയെന്നതാണ് ഒന്നാമത്തേത്. ലൈഫ് കരാറിൽ അഴിമതി കണ്ടെത്തിയതിനാൽ അഴിമതിനിരോധന നിയമം കൂടി ചുമത്താൻ സി.ബി.ഐ നീക്കമുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ അഴിമതിനിരോധന നിയമപ്രകാരമുള്ള കേസിൽ സി.ബി.ഐയ്ക്ക് അന്വേഷണം സാദ്ധ്യമാവുമോയെന്നതാണ് രണ്ടാമത്തേത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട കേസിൽ അധോലോക പരാമർശത്തിലൂടെ കേസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനാണ് സി.ബി.ഐ ശ്രമിച്ചത്. നടപടിക്രമങ്ങളിലെ വീഴ്ചകളടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ പ്രതിരോധം.
വിദേശസഹായനിയന്ത്രണ ചട്ടത്തിന്റെ ലംഘനം ഹൈക്കോടതി ശരി വച്ചാൽ , അഴിമതിക്കേസന്വേഷണവും സി.ബി.ഐയ്ക്കാവും. സിബിഐ അഴിമതിക്കുറ്റം ചുമത്തിയാൽ സംശയമുനയിലുള്ള നാല് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കുരുക്കാവും. വിജിലൻസിന്റെ എഫ്.ഐ.ആർ നിലനിൽക്കാനുമിടയില്ല. ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ്ചെയർമാനായ തദ്ദേശമന്ത്രി, കോഴയിടപാട് വെളിപ്പെടുത്തിയ രണ്ട് മന്ത്രിമാർ എന്നിവരും അന്വേഷണപരിധിയിൽ വരും. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ കടുത്ത നിലപാട് . അതേസമയം, ലൈഫ് പദ്ധതിയിൽ അഴിമതി നടന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത് സർക്കാരിന് കുരുക്കാണ്.
ബംഗാൾ മോഡൽ ?
ബംഗാളിലെ ശാരദാ, റോസ്‌വാലി ചിട്ടി തട്ടിപ്പ് കേസുകളിൽ സിബിഐ അന്വേഷണം തടയാൻ മുഖ്യമന്ത്രി മമതാബാനർജി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയിരുന്നു.
പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിബിഐ കിഴക്കൻമേഖലാ ജോയിന്റ് ഡയറക്ടറെ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യാനൊരുങ്ങി
സിബിഐ ഓഫീസുകൾ കേന്ദ്രസർക്കാർ സംരക്ഷിച്ചത് സി.ആർ.പി.എഫിനെ വിന്യസിച്ച്