photo


ആലപ്പുഴ : ക്രിക്കറ്റ് കളിസ്ഥലത്ത് സ്റ്റമ്പ് കൊണ്ട് യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികളായ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേരും കുറ്റക്കാരാണെന്ന് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എൻ.സീത കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. കളിസ്ഥലത്ത് പരസ്യമദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ഹരിപ്പാട് പള്ളിപ്പാട് ശരത് നിവാസിൽ രാമചന്ദ്രന്റെ ഏകമകൻ ശരത്ചന്ദ്ര(ശംഭൂ-19)നെയാണ് പള്ളിപ്പാട് പിലാപ്പുഴ മുല്ലശ്ശേരി തറയിൽ ശ്യാംദാസ്(33),സഹാദരൻ ശാരോൺ ദാസ്(31) സുഹൃത്തുക്കളായ നീണ്ടൂർ ഹരീഷ്ഭവനത്തിൽ ഹരീഷ്(33), പള്ളിപ്പാട് തോപ്പിൽ സുനിൽ കുമാർ(37)എന്നിവർ കൊലപ്പെടുത്തിയത്. 2011മാർച്ച് 14ന് പള്ളിപ്പാട് പൊയ്യക്കരയിലായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് അക്രമണം(324), ഗുരുതരമായി പരിക്കേൽപ്പിക്കുക(326), കൊലപാതകം(302) തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊവിഡ് പരിശോധന നടത്തി നാളെ കോടതിയിൽ ഹാജരാക്കും വരെ പ്രതികളെ ആലപ്പുഴ ജില്ലാ ജലിലിലേയ്ക്ക് മാറ്റി. ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 22സാക്ഷികളെ വിസ്തരിച്ചതിൽ നാല് പേർ കൂറുമാറി. 52തെളിവുകൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്‌ളിക് പ്രോസിക്യൂട്ടർ പി.പി.ഗീത, അഡ്വ. പി.പി.ബൈജു, അഡ്വ. ആര്യാസദാശിവൻ എന്നിവർ ഹാജരായി. കേസിന്റെ വിധി അറിയാൻ ശരത്ചന്ദ്രന്റെ പിതാവ് , അമ്മ സരസ്വതി, സഹോദരി ശരണ്യ, സരസ്വതിയുടെ അനുജത്തി സുഭഭ്ര, ഇവരുടെ ഭർത്താവ് പ്രസന്നൻ എന്നിവർ കോടതിയിൽ എത്തിയിരുന്നു.