
ബാലരാമപുരം: ബാലരാമപുരം - പള്ളിച്ചൽ - വിളവൂർക്കൽ സംയോജിത കുടിവെള്ള പദ്ധതി അധികൃതരുടെ കെടുകാര്യസ്ഥതമൂലം വീണ്ടും അനിശ്ചിതത്ത്വത്തിലേക്ക്. ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ജലവിഭവവകുപ്പും നബാർഡും ചേർന്ന് നടപ്പാക്കിയ സമഗ്രകുടിവെള്ള പദ്ധതിയാണ് നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിക്കാത്തതും. പദ്ധതിയുടെ ഭാഗമായി റെയിൽവേ ലൈൻ കടന്നുപോകുന്ന മുക്കാംപാലമൂട് ഭാഗത്ത് പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് റെയിൽവേ അനുമതി നിഷേധിച്ചതോടോണ് കുടിവെള്ള പദ്ധതി അവതാളത്തിലായത്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്, എം.പി, എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ റെയിൽവേ ഡിവിഷൻ അധികൃതരമായി ഒരു വർഷം മുമ്പ് ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നെങ്കിലും അതും പാഴ്‌വാക്കായി. സമഗ്ര കുടിവെള്ള പദ്ധതി ബാലരാമപുരം പഞ്ചായത്തിൽ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരണമുൾപ്പെടെയുള്ള പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുടിവെള്ള ടാങ്കിന് സമീപത്തെ ഓടവൃത്തിഹീനമായി പകർച്ചവ്യാധികൾ പിടിപെട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതരോ പഞ്ചായത്തോ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അസഹനീയമായ ദുർഗന്ധം കാരണം ഇതുവഴി യാത്രക്കാർക്കും നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
കാലതാമസം ഒഴിവാക്കണം
കാളിപ്പാറ കുടിവെള്ള പദ്ധതിയുമായി ചേർന്ന് ബാലരാമപുരം വണിഗർ തെരുവിലെ ടാങ്കിൽ വെള്ളമെത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതും കാലതാമസം നേരിടുകയാണ്. വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷനാണ് കുടിവെള്ള ടാങ്കിന്റെ പണികൾ പൂർത്തീകരിച്ചത്. സാങ്കേതിക അനുമതിയുമായി ബന്ധപ്പെട്ട തടസമൊഴിച്ചാൻ കുടിവെള്ള ടാങ്കിന്റെയും അനുബന്ധ ജോലികളും മുഴുവനായി പൂർത്തിയായിട്ടുണ്ട്. പഞ്ചായത്തിന്റെ സ്വപ്നദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം കാലതാമസം നേരിടുന്നത്
നബാർഡിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതിക്ക് അനുവദിച്ചത് 11 കോടി രൂപ
ടാങ്കിന്റെ സംഭരണശേഷി 13 ലക്ഷം ലിറ്റർ
ടാങ്കിന്റെ പണി പൂർത്തിയായിട്ട് 3 വർഷം