
തിരുവനന്തപുരം: ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകും.
ലൈഫ് മിഷൻ ക്രമക്കേട് ആസൂത്രണം ചെയ്തത് ശിവശങ്കറാണെന്നാണ് വിജിലൻസ് കരുതുന്നത്. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യൽ. യു.വി.ജോസ് ലൈഫ്മിഷൻ സി.ഇ.ഒയാവുന്നതിന് മുൻപ് ആ പദവിയിലിരുന്ന ശിവശങ്കർ, അതീവരഹസ്യമായും തന്ത്രപരമായും നടത്തിയ ഇടപാടിൽ മറ്റ് ഉദ്യോഗസ്ഥർ പെട്ടുപോയെന്നാണ് സൂചന. 2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. തലേന്ന് വൈകിട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.കെ.ജോസ് വിവരമറിഞ്ഞത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നൽകിയെന്ന് ശിവശങ്കറാണ് അറിയിച്ചത്. ലൈഫ മിഷനിലും സി.ഇ.ഒ യു.വി.ജോസിനെയും വിവരമറിയിച്ചതും ശിവശങ്കറാണ്.
ഇരുപതു കോടിയുടെ ഭവനനിർമ്മാണത്തിന് സന്നദ്ധരായി റെഡ്ക്രസന്റ് എത്തിയിട്ടുണ്ടെന്നും പിറ്റേന്ന് ധാരണാപത്രം ഒപ്പിടണമെന്നുമായിരുന്നു ടി.കെ.ജോസിനെ അറിയിച്ചത്. ഇതുപ്രകാരമാണ് ജൂലായ്11ന് രാവിലെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്, ടി.കെ.ജോസ് കുറിപ്പ് കൈമാറിയത്. അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്നായിരുന്നു നിർദ്ദേശം. ധാരണാപത്രം റെഡ്ക്രസന്റ് കൈമാറിയതാണെന്ന വിവരമുള്ളത് ഈ കുറിപ്പിലാണ്.
വിദേശനാണ്യ വിനിമയത്തിലടക്കം വ്യക്തത വരുത്തേണ്ടത് നിയമ വകുപ്പാണ്. ലൈഫ് മിഷന് വേണ്ടി നിരവധി ഓഫറുകൾ കൊണ്ടുവന്ന ശിവശങ്കർ പുനരുപയോഗിക്കാവുന്ന അസംസ്കൃതവസ്തുക്കളുടെ (പ്രീഫാബ്) സാങ്കേതികവിദ്യയിൽ എല്ലാജില്ലയിലും ഓരോ മാതൃകാകെട്ടിട സമുച്ചയം പണിയാൻ അനുമതി നേടിയിരുന്നു. ഇതിന്റെ മറവിൽ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതലസമിതിയുടെ അനുമതി നേടിയെടുത്തതായാണ് തദ്ദേശവകുപ്പ് വ്യക്തമാക്കുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ശിവശങ്കറും.