g-sankar

തിരുവനന്തപുരം: വിദേശ സ്പോൺസർ പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് വടക്കാഞ്ചേരി പദ്ധതി നിറുത്തുകയാണെന്ന് ലൈഫ് മിഷൻ അറിയിച്ചതായി ഹാബിറ്റാറ്റ് ചെയർമാൻ ജി.ശങ്കർ വെളിപ്പെടുത്തി. പദ്ധതിയുടെ കൺസൾട്ടന്റായിരുന്ന ഹാബിറ്റാറ്റ് ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതിരേഖ പുതുക്കുന്നതിനിടെയാണ് തെറ്റിദ്ധരിപ്പിച്ചത്. പദ്ധതിയിൽ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കിയതല്ലെന്നും സ്വയം ഒഴിയുകയായിരുന്നെന്നും ശങ്കർ പറഞ്ഞു.

കൺസൽട്ടന്റ് എന്ന നിലയ്‌ക്കാണ് 234 ഫ്ലാറ്റുകളുള്ള 32 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. തുക കുറയ്ക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടതിനാൽ 203 യൂണി​റ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ നൽകി. സ്‌പോൺസറുടെ സാമ്പത്തിക സഹായത്തിന് അനുസരിച്ച് ചെലവ് 15 കോടിയിൽ താഴെ ചുരുക്കാനാവശ്യപ്പെട്ടു. ഇങ്ങനെ നാലുതവണ രൂപരേഖ മാ​റ്റി. ലൈഫ് മിഷനും റെഡ്ക്രസന്റുമായുള്ള ധാരണപത്രത്തിന് ശേഷം ജൂലായ് 18ന് കത്തിലൂടെ യു വി. ജോസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീട് പദ്ധതി നിറുത്തി എന്നറിയിച്ചു. കഴിഞ്ഞ ഒക്ടോബറോടെ ഉഭയസമ്മതത്തോടെ കൺസൾട്ടൻസി ഒഴിഞ്ഞു. ഉയർന്നതുക ക്വോട്ട് ചെയ്തതുകൊണ്ടാണ് ഹാബി​റ്റാ​റ്റിനെ ഒഴിവാക്കിയതെന്ന ആരോപണം ശരിയല്ല. ഹാബിറ്റാറ്റ് ടെൻഡറിൽ പങ്കെടുത്തില്ല. ലൈഫ് മിഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ രീതികളുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

യൂണിടാക് കമ്പനിയെകുറിച്ച് മുമ്പ് കേട്ടിട്ടില്ല. ഹാബി​റ്റാ​റ്റിന്റെ രൂപരേഖയിലാണോ ഫ്ളാ​റ്റ് നിർമ്മാണം എന്നറിയില്ല. ഹാബി​റ്റാ​റ്റ് നേരത്തെ നൽകിയ രൂപരേഖയുമായി സാദൃശ്യമുണ്ട്. ഹാബി​റ്റാ​റ്റ് രൂപരേഖയിൽ ആശുപത്രി ഉണ്ടായിരുന്നില്ല.

ഏപ്രിലിൽ ലൈഫ് മിഷന്റെ കത്തിൽ വിദേശ ഏജൻസിയാണ് സ്‌പോൺസർ എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീടുള്ള ചർച്ചയിലാണ് 15 കോടിക്കുള്ളിൽ പദ്ധതി റീഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടത്. ഇതുപ്രകാരം പദ്ധതിരേഖ പുതുക്കി സോഫ്​റ്റ് കോപ്പിയും കൈമാറി. പിന്നീടാണ് സാങ്കേതിക കാരണങ്ങളാൽ പിൻമാറിയത്- ശങ്കർ പറഞ്ഞു.

കൗമുദി ടി.വിയിലെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിലും ശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.