
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്ക് കുടിവെള്ളം എത്തിക്കും. അതിനായി ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്കാണ് കണക്ഷൻ നൽകുക. ഗ്രാമീണ വീടുകളിലെല്ലാം 2024ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി കേന്ദ്രസർക്കാരുമായി ചേർന്നു നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി സംബന്ധിച്ച പൂർണ വിവരങ്ങൾ കേരള വാട്ടർ അതോറിട്ടിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ആദ്യഘട്ടത്തിൽ 716 പഞ്ചായത്തുകളിലായി 4343.89 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നിലവിലുള്ള പദ്ധതികളുടെശേഷി വർദ്ധിപ്പിച്ചും ചില പദ്ധതികൾ ദീർഘിപ്പിച്ചും ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയും കുടിവെള്ളം ലഭ്യമാക്കും.
സംസ്ഥാനത്തെ ജലവിതരണ രംഗത്തെ നാഴികക്കല്ലാവും ജലജീവൻ മിഷൻ പദ്ധതിയെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലജീവൻ പദ്ധതിക്കായി പൂർണ സഹകരണവുമായി രംഗത്തുണ്ടാകുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. വിവിധ ജില്ലകളിൽ പ്രാദേശികമായി നടന്ന ജലജീവൻ മിഷൻ പ്രവർത്തനോദ്ഘാടനങ്ങൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
ജലജീവൻ കേന്ദ്രത്തിന്റേത്: സുരേന്ദ്രൻ
തിരുവനന്തപുരം: ഗ്രാമീണ വീടുകളിൽ ശുദ്ധജലമെത്തിക്കുന്ന ജലജീവൻ പദ്ധതി മോദി സർക്കാരിന്റേതാണെന്നും ഇത് മറച്ചു വച്ച് കേരള സർക്കാരിന്റെ പദ്ധതിയാക്കി ഉദ്ഘാടനം നടത്തുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ ആരോപിച്ചു. ആദ്യഗഡുവായി 800 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നിട്ടിപ്പോൾ ഒരു നയാ പൈസാ ചെലവില്ലാതെ ഉദ്ഘാടനം നടത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെയെന്നും കുറിപ്പിൽ പറയുന്നു.